
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനവാസ മേഖലയിൽ ഇറങ്ങി ഏഴ് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുള്ളിപ്പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനടുവിലാണ് പിടികൂടിയത്. ഇന്ന് രാവിലെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. പല തവണ മയക്കുവെടി വെച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെയാണ് പുലിയെ പിടികൂടാന്‍ കഴിഞ്ഞത്.
നാഗ്പൂർ ജില്ലയിലെ പാർഡിയിൽ വനത്തോട് ചേർന്ന് കിടക്കുന്ന ജനസാന്ദ്രതയുള്ള ശിവ നഗർ ഗ്രാമത്തിലാണ് ഇന്ന് രാവിലെ ആറ് മണിയോടെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. പിടികൂടിയ പുലിയെ ഉൾക്കാട്ടിൽ തുറന്ന് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി അക്രമം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബദൽ മാർഗം സർക്കാർ ആലോചിക്കുന്നതിനിടെയാണ് പുതിയ സംഭവം. ആടുകളെ കാട്ടിനുള്ളിൽ എത്തിച്ച പുലികൾക്ക് തീറ്റയായി നൽകി ജനവാസ മേഖലയിൽ ഇറങ്ങുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. ഭീമമായ ഫണ്ട് വേണ്ടിവരുന്ന സാഹചര്യത്തിൽ ഇപ്പോൾ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ തീരുമാനമെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam