'ഇപ്പോഴില്ലെങ്കിൽ നമ്മൾ ഇന്ത്യക്കൊപ്പമല്ല'; ബിബിസിക്കെതിരെ 302 പ്രമുഖർ ഒപ്പിട്ട കത്ത്

By Web TeamFirst Published Jan 21, 2023, 6:29 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ'  ഡോക്യുമെന്‍റെറിയിൽ ബിബിസിക്കെതിരെ 302 പ്രമുഖർ ഒപ്പിട്ട് കത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ'  ഡോക്യുമെന്‍റെറിയിൽ ബിബിസിക്കെതിരെ 302 പ്രമുഖർ ഒപ്പിട്ട് കത്ത്.  റിട്ടയേഡ് ജഡ്ജസും റോ ഉദ്യോഗസ്ഥരും അംബാസിഡർമാരും ഉൾപ്പെടെ 302 പ്രമുഖരാണ് ബിബിസിക്കെതിരായ  കത്തിൽ ഒപ്പിട്ടിരിക്കുന്നത്. നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കിൽ പിന്നെയില്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 

ഡോക്യുമെന്ററിയിലൂടെ വിധികർത്താക്കളെ പോലെയാണ് ബിബിസി പെരുമാറുന്നത്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ സ്പർദ്ധയുണ്ടാക്കുകയാണ് അവർ. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതി പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം രൂപീകരിക്കുകയാണ് അവരെന്നും കത്തിൽ ആരോപിക്കുന്നു. തരംതാണ തരത്തിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം, ആരോപണങ്ങൾ പ്രകാരം എന്നിങ്ങനെയല്ലാതെ, വസ്തുതകളല്ല ഡോക്യുമെന്ററി പറയുന്നതെന്നും കത്തിൽ പറയുന്നു. 

ഗുജറാത്ത് കലാപത്തെ കുറിച്ച് നീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ സുപ്രീംകോടതി ആരോപണങ്ങളെല്ലാം തള്ളിയതാണ്. തെറ്റായ പ്രചാരണങ്ങളിലൂടെ വീണ്ടും രാഷ്ട്രീയ വിവാദം ഉണ്ടാക്കാനാണ് ഡോക്യുമെന്ററി ശ്രമിച്ചത്. ഡോക്യുമെന്ററി സാധാരണ വിമർശനങ്ങല്ല, അത് ആവിഷ്കാര സ്വതന്ത്ര്യവുമല്ല, മറിച്ച് പ്രേരിതമായ കുറ്റപത്രമാണ്. രാജ്യം തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും എല്ലാവരും പരാതിയിൽ ഒപ്പുവയ്ക്കണമെന്നും  കത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ'  ഡോക്യുമെന്‍റെറിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു.  ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് ബിബിസി വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ല. ഡോക്യുമെന്‍ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരണത്തില്‍ വ്യക്തമാക്കി.

Read more: ബിബിസി ഡോക്യുമെന്‍ററി വിവാദം , ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം

രണ്ട് ഭാഗങ്ങളുള്ള  'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി സീരീസിലെ ആദ്യ എപ്പിസോഡ് ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം ജനുവരി 24 ന് സംപ്രേക്ഷണം ചെയ്യുമെന്ന് ബി ബി സി അറിയിച്ചിട്ടുണ്ട്. രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നതിന് മുന്നോടിയായാണ് ബി ബി സിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബിബിസി വിശദീകരണവുമായി രംഗത്ത് വന്നത്.

click me!