Asianet News MalayalamAsianet News Malayalam

ബിബിസി ഡോക്യുമെന്‍ററി വിവാദം , ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം

ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് റോ മുന്‍ മേധാവി അടക്കമുള്ളവര്‍ ഒപ്പിട്ട പ്രസ്താവനയിലുണ്ട്. 

Central government directs youtube and twitter to remove controversial BBC documentary link against modi
Author
First Published Jan 21, 2023, 4:53 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിര്‍ദേശം. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. പൗരാവാകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്‍ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ബിബിസി ഡോക്യുമെൻ്ററിക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ജഡ്ജിമാരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കൊളോണിയൽ മനോനിലയില്‍ നിന്നും പിറവി എടുത്തതാണ് ഡോക്യുമെന്‍ററിയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് റോ മുന്‍ മേധാവി അടക്കമുള്ളവര്‍ ഒപ്പിട്ട പ്രസ്താവനയിലുണ്ട്. 

ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ പ്രമുഖരും ഇതിനോടകം സർക്കാരിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാർലമെന്‍റ് അംഗവും വ്യവസായിയുമായ ലോർഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടർ ജനറൽ ടിം ഡെയ്വിന് കത്തയച്ചത്.  ജി 20യുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ബ്രിട്ടനും നിർണായ ചര്‍ച്ചകൾക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്‍ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തില്‍ ആരോപിക്കുന്നു.

അതേസമയം ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച യുകെയിൽ സംപ്രേഷണം ചെയ്യും. അധികാരം നിലനി‌ർത്താൻ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്‍ററി ആഗോള തലത്തിൽ തന്നെ മോദി സർക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios