
ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് മാറ്റിയതിനെ പരിഹസിച്ച് ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രസമിതി പ്രഖ്യാപനം പന്നിക്ക് ലിപ്സ്റ്റിക് ഇട്ടതുപോലെ എന്നാണ് പരിഹാസം.
"ടിആർഎസിൽ നിന്ന് ബിആർഎസിലേക്കുള്ള മാറ്റം പന്നിയെ ലിപ്സ്റ്റിക് അണിയിക്കുന്നതുപോലെയാണ്. ഇനി കളി മാറുമെന്നാണ് കെസിആറിന്റെ മകൻ പറയുന്നത്. അച്ഛന് പേര് മാറ്റാൻ പറ്റുമായിരിക്കും, പക്ഷേ, യഥാർത്ഥത്തിൽ വിധി നിർണയിക്കേണ്ടത് ജനങ്ങളാണ്." ബണ്ടി സഞ്ജയ് കുമാർ ട്വീറ്റ് ചെയ്തു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പാർട്ടിയുടെ പുതിയ പേര് ഭാരത രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയും തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവനും പുതിയ പേര് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷം ഇല്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് എന്ന പേരിൽ മത്സരിക്കും. ഇതിന്റെ ഭാഗമായി ദില്ലിയിൽ ഈ മാസം ഒൻപതിന് പൊതുസമ്മേളനം നടത്തും. തെലങ്കാന ഭവനിലാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. പാർട്ടിയുടെ പേര് മാറ്റലുമായി ബന്ധപ്പെട്ട സമ്മേളനത്തോട് അനുബന്ധിച്ച് ഹൈദരരാബാദിലെങ്ങും കെസിആറിന്റെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഭാവി പ്രധാനമന്ത്രിയെന്നും അഭിനവ അംബേദ്കറെന്നും കെസിആറിനെ വിശേഷിപ്പിച്ചായിരുന്നു പോസ്റ്ററുകളും ബോർഡുകളും ബാനറുകളും ഉയർത്തിയത്.
ദേശീയ തലത്തിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ കക്ഷികളുടെ ഒരു മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖർ റാവു. ഇതിന്റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തേജസ്വി യാദവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam