വൈകീട്ട് കാണാമെന്ന് ഷിൻഡെ വിഭാ​ഗം എംപി; കൂറുമാറുമോ താക്കറെ വിഭാ​ഗം എംഎൽഎമാർ?

By Web TeamFirst Published Oct 5, 2022, 5:50 PM IST
Highlights

ഇന്ന് വൈകീട്ട് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ എംഎംആർഡിഎ ഗ്രൗണ്ടിലാണ് ഷിൻഡെ ഗ്രൂപ്പ് ദസറ ആഘോഷം സംഘടിപ്പിക്കുന്നത്. അതേസമയം, 1966 ൽ ശിവസേനയുടെ തുടക്കം മുതൽ ദസറ ആഘോഷ വേദിയായ സെൻട്രൽ മുംബൈയിലെ ദാദറിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ താക്കറെ വിഭാഗം റാലി നടത്തും.

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നെഞ്ചിടിപ്പേറ്റി ഏക്നാഥ് ഷിൻഡെ പക്ഷത്തെ എംപിയുടെ വെല്ലുവിളി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ രണ്ട് എംപിമാരും അഞ്ച് എംഎൽഎമാരും ദസറ റാലിയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പാളയത്തിലേക്ക് മാറുമെന്ന് ശിവസേന എംപി കൃപാൽ തുമാനെ അവകാശപ്പെട്ടു. രണ്ട് എംപിമാരും മുംബൈ, മറാത്ത് വാഡ മേഖലയിൽ നിന്നുള്ളവരാണെന്നും വൈകീട്ട് കാണാമെന്നും തുമാനെ വാർത്താ ചാനലിനോട് പറഞ്ഞു. ഷിൻഡെ വിഭാഗത്തിൽ വിശ്വസിക്കുന്നവര്‍ അതിൽ ചേരാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്തെത്തുകയാണെന്നും തുമാനെ പറഞ്ഞു. രാംടെക്കിൽ നിന്നുള്ള ലോക്‌സഭാംഗമാണ് തുമാനെ. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 40 എംഎൽഎമാരുടെയും 12 ലോക്‌സഭാംഗങ്ങളുടെയും പിന്തുണയുണ്ടെന്നാണ് അവകാശവാദം. താക്കറെ ഗ്രൂപ്പിന് 15 എംഎൽഎമാരുടെയും ആറ് എംപിമാരുടെയും പിന്തുണയുണ്ട്. 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ശിവാജി പാർക്കിൽ ദസറ റാലി നടത്താനുള്ള അനുമതി താക്കറെ വിഭാഗത്തിന് ലഭിച്ചത്. ഇരുവിഭാ​ഗവും ഒന്നിച്ച് നടത്തിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലിക്ക് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്. രണ്ടിലൊരു വിഭാ​ഗത്തിന് അനുമതി നൽകിയാലും പ്രശ്നം ഉണ്ടാകുമെന്നും കോർപ്പറേഷൻ വിലയിരുത്തിയിരുന്നു. എന്നാൽ, കോർപ്പറേഷന്റെ ഉത്തരവ് നിയമത്തെ ദുരുപയോ​ഗം ചെയ്യലാണെന്ന് കോടതി പറഞ്ഞു. 

ഇന്ന് വൈകീട്ട് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ എംഎംആർഡിഎ ഗ്രൗണ്ടിലാണ് ഷിൻഡെ ഗ്രൂപ്പ് ദസറ ആഘോഷം സംഘടിപ്പിക്കുന്നത്. അതേസമയം, 1966 ൽ ശിവസേനയുടെ തുടക്കം മുതൽ ദസറ ആഘോഷ വേദിയായ സെൻട്രൽ മുംബൈയിലെ ദാദറിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ താക്കറെ വിഭാഗം റാലി നടത്തും. കഴിഞ്ഞ ജൂണിലാണ് മഹാവികാസ് അഘാഡി സഖ്യത്തെ അട്ടിമറിച്ച് ശിവസേനയിലെ വിമത പക്ഷം ബിജെപിക്കൊപ്പം ചേർന്ന് ഭരണം പിടിച്ചത്. ജൂൺ 30ന് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

click me!