'ലിവിങ് ടുഗെദർ'; ഹൈക്കോടതി ഹർജി തള്ളിയ ദമ്പതികൾക്ക് സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവ്

By Web TeamFirst Published Jun 6, 2021, 6:06 PM IST
Highlights

അവിവാഹിതരായി ദാമ്പത്യം നയിക്കുന്നതിനാൽ ഭീഷണിയുണ്ടെന്ന് കാണിച്ച് നൽകിയ ഹർജിയിൽ ദമ്പതിമാർക്ക് സുരക്ഷ നൽകാൻ സുപ്രീംകോടതി ഉത്തരവ്.  

ദില്ലി:  അവിവാഹിതരായി ദാമ്പത്യം നയിക്കുന്നതിനാൽ ഭീഷണിയുണ്ടെന്ന് കാണിച്ച് നൽകിയ ഹർജിയിൽ ദമ്പതിമാർക്ക് സുരക്ഷ നൽകാൻ സുപ്രീംകോടതി ഉത്തരവ്.  പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. 

ജീവനും സ്വാതന്ത്ര്വവും ഉറപ്പുവരുത്തുക എന്നതാണ് പരിഗണിക്കേണ്ടതെന്നും വിവാഹിതരാണോ അല്ലയോ എന്നത് ഇതിൽ പരിഗണനാ വിഷയമാകുന്നില്ലാ എന്നും സുപ്രീംകോടതി നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

ജസ്റ്റിസ് നവിൻ സിൻഹ, ജസ്റ്റിസ് അജയ് റോസ്തഗി എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനെയും സ്വാതന്ത്യത്തേയും ബാധിക്കുന്ന വിഷയമായതിനാൽ പൊലീസിനെ സമീപിക്കാമെന്നും സുരക്ഷ നൽകാൻ സേന ബാധ്യസ്ഥരാണെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും കാണിച്ച് ദമ്പതികൾ നൽകിയ ഹർജി പഞ്ചാബ്- ഹരിയാന ഹൈക്കോടതി  തള്ളുകയായിരുന്നു. വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് ധാര്‍മികമായും സാമൂഹ്യമായും അംഗീകരിക്കാനാകില്ലെന്നായിരുന്നു രണ്ടാഴ്ച മുമ്പ്  പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച വിധി.

വസ്തുതകള്‍ പരിഗണിക്കുകയാണെങ്കില്‍ വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാനുള്ള അനുവാദമാണ് ഇവര്‍ ചോദിക്കുന്നത്. ഇത് ധാര്‍മികമായും സാമൂഹികമായും അസ്വീകാര്യമാണ്. അതുകൊണ്ടുതന്നെ സുരക്ഷ നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് എച്ച് എസ് മദാന്റെ നിരീക്ഷണം.

ഗുല്‍സകുമാരി(19), ഗുര്‍വിന്ദര്‍ സിങ്(22) എന്നിവരാണ് കോടതിയെ സമീപിച്ചത്. ഗുല്‍വിന്ദര്‍ കുമാരിയുടെ വീട്ടില്‍ നിന്ന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടന്‍ വിവാഹിതരാകുമെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.  എന്നാൽ ഈ സിംഗിൾ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമായ ഒരു ഉത്തരവും പഞ്ചാബ്- ഹരിയാന ഹൈക്കോടതി പിന്നീട് പുറപ്പെടുവിച്ചിരുന്നു. 

ലിവിംഗ് ടുഗെദർ കുറ്റകരമല്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി. പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നതിൽ കുറ്റകരമായി ഒന്നുമില്ല എന്ന് കോടതി വ്യക്തമാക്കി. ലിവിംഗ് ടുഗെദർ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ ഇത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജയ്ശ്രീ താക്കൂർ അധ്യക്ഷയായ ബഞ്ചായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!