ദില്ലി: മേഘാലയയില്‍ കൊവിഡ് ബാധിച്ച്മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കുന്നത് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായി. ഇന്നലെ രാവിലെയാണ് കൊവിഡ് 19 ലക്ഷണങ്ങളോടെ ഡോക്ടര്‍ ഷിലോംഗിലെ ബെതാനിയില്‍ മരിച്ചത്. ഈ ആശുപത്രിയുടെ ഉടമ കൂടിയാണ് അദ്ദേഹം. ഡോക്ടറുടെ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോക്ടറുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുന്നത് പ്രദേശവാസികളാണ് വിലക്കിയത്. സംസ്‌കരിക്കേണ്ട തൊഴിലാളികള്‍ ഇതിന് പ്രാപ്തരല്ലെന്നും അവര്‍ക്ക് ആവശ്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ ചിതാഭസ്മം അടക്കം ചെയ്യാനും അവര്‍ അനുവദിച്ചില്ല.
മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബുധനാഴ്ച ഉച്ച മുതല്‍ സംസ്‌കാരത്തിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. പ്രദേശവാസികളില്‍നിന്നും ഗോത്രവിഭാഗ തലവന്‍മാരില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ മുടങ്ങിയത്.
ഡോക്ടറാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് 19 ബാധിതന്‍. അദ്ദേഹം കൊവിഡ് പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചിട്ടില്ലാത്തതിനാല്‍ സാമൂഹിക വ്യാപനം സംശയിക്കുന്നുണ്ട്. രോഗം ബാധിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. നഗരത്തില്‍ രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകാണ്.
ഡോക്ടറുമായി ഇടപഴകിയ 2000 പേരെ കണ്ടെത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ഇതുവരെ 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. ഒരാള്‍ അസ്സം സ്വദേശിയാണ്. നാഗാലാന്റില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് മേഘാലയയിലെ മരണം. നിലവില്‍ സിക്കിമില്‍ മാത്രമാണ് കൊവിഡ് 19 ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam