കൊറോണ പകരുമെന്ന് ഭയം; നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി ഉണക്കി ​ഗ്രാമീണർ

By Web TeamFirst Published Apr 8, 2020, 5:43 PM IST
Highlights

കൊറോണ വൈറസ് വ്യാപിക്കും എന്ന് ഭീഷണിപ്പെടുത്തി നോട്ടുപയോ​ഗിച്ച് മൂക്കും മുഖവും തുടയ്ക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

മൈസൂരു: കൊറോണ വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് കറൻസി നോട്ട് ഉപയോ​ഗിച്ച് മൂക്ക് തുടക്കുകയും നോട്ടിൽ നാവുകൊണ്ട് നക്കുകയും ചെയ്യുന്ന ടിക് ടോക്  വീഡിയോ വൈറലായതിനെ തുടർന്ന് പരിഭ്രാന്തരായി, നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി മാണ്ഡ്യ നിവാസികൾ. മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോ​ഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനിടെ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു. 

'കൊറോണ വൈറസ് വ്യാപിക്കും എന്ന് ഭീഷണിപ്പെടുത്തി നോട്ടുപയോ​ഗിച്ച് മൂക്കും മുഖവും തുടയ്ക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും അത് കണ്ടിരുന്നു. കാർഷിക വിളകൾ വിറ്റ് വ്യാപാരികളിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നവരാണ് ഇവർ. അതാണ് ഇവർ പരിഭ്രാന്തരാകാൻ കാരണം.' ​ഗ്രാമവാസികളിലൊരാളായ കുമാർ ​ഗൗഡ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കൈകൾ സോപ്പും വെളളവും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ​ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് പേയ്മെന്റ് നടത്തുന്ന കാര്യത്തിൽ ​ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ​ഗ്രാമവാസിയായ ബോറെ ​ഗൗഡ വ്യക്തമാക്കി. 

ടിക് ടോക്കില്‍ വീഡിയോ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ മഹാരാഷ്ട്രയിലെ മലേഗാവ് സ്വദേശിയായ സയ്യാദ് ജാമില്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദൈവികമായ ശിക്ഷയാണ് കൊവിഡെന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ ഇതിന്റെ ഉറവിടം അന്വേഷിച്ച സൈബര്‍ ക്രൈം വിഭാഗം പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 188 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ അബ്ദുള്‍ ഖുറേഷി, സയാദ് ഹസ്സൈന്‍ അലി, സൂഫിയാന്‍ മുഖ്താര്‍ എന്നിവരെയും നാസിക് പൊലീസ് അറസ്റ്റ് ചെയ്തു. 
 

 

click me!