
മുംബൈ: കാറുകളുമായി ബീച്ചിലിറങ്ങി അവിടെ കുടുങ്ങുന്ന വാഹനങ്ങളുടെ കാഴ്ചകൾ സോഷ്യൽ മീഡിയയിലൂടെ പലവട്ടം കണ്ടിട്ടുണ്ടാവും. പലയിടങ്ങളിലും വാഹനങ്ങൾ ഇറക്കുന്നതിന് നിയന്ത്രണം ഉണ്ടെങ്കിലും അമിത ആത്മവിശ്വാസം കാരണം വാഹനങ്ങൾ ബീച്ചിലെ മണലിലേക്ക് ഇറക്കുകയും പിന്നീട് തിരികെ കയറ്റാൻ കഴിയാതെ അവിടെ പെട്ടുപോകുന്നതും വീഡിയോകളിൽ കണ്ടിട്ടുണ്ട്. അപൂർമായിട്ടെങ്കിലും ഇങ്ങനെ ഇറക്കുന്ന വാഹനങ്ങൾ വീണ്ടെടുക്കാനാവാതെ നശിച്ച് പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ സംഭവമാണ് മുംബൈയ്ക്ക് സമീപം അലിബാഗിലെ ബീച്ചിൽ ഉണ്ടായത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് ആഡംബര കാറായ ഫെറാരിയുമായി എത്തിയവർ വാഹനം ബീച്ചിലെ മണലിലേക്ക് ഇറക്കിയത്. അൽപ ദൂരം മുന്നോട്ട് നീങ്ങിയ ശേഷം ഫെറാരി കടൽ തീരത്തെ മണലിൽ പുതഞ്ഞു. മുന്നോട്ടും പിന്നോട്ടും നീങ്ങാനാവാത്ത സ്ഥിതിയായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വാഹനത്തിലുണ്ടായിരുന്നവർ നാട്ടുകാരുടെ സഹായം തേടി.
കാറിനെ രക്ഷിക്കാനുള്ള നാട്ടുകാരുടെയും ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതോടെ ഒടുവിൽ കാളവണ്ടി കൊണ്ടുവന്നാണ് നാട്ടുകാർ ഫെറാരിയെ ബീച്ചിൽ നിന്ന് വലിച്ച് കയറ്റിയത്. കാള വണ്ടിയുടെ പിന്നിൽ കെട്ടിയിരിക്കുന്ന വാഹനം മണലിലൂടെ നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഫെറാരി മാത്രമല്ല മറ്റ് ചില വാഹനങ്ങളും ബീച്ചിൽ കാണാം. ഇവിടേക്ക് വാഹനങ്ങൾ ഇറക്കുന്നതിന് റായ്ഗഡ് പൊലീസിന്റെ വിലക്കുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam