
ആസ്സാം: ക്വാറന്റൈൻ കേന്ദ്രങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും വിവാദ പരാമർശം നടത്തിയതിന്റെ പേരിൽ ആസ്സാമിലെ പ്രതിപക്ഷ എംഎൽഎയെ അറസ്റ്റ് ചെയ്തു. തടങ്കൽ പാളയങ്ങളേക്കാൽ മോശം എന്നാണ് എംഎൽഎ ക്വാറന്റൈൻ സജ്ജീകരണങ്ങളെ വിശേഷിപ്പിച്ചത്. എംഎൽഎ അമിനുൾ ഇസ്‍ലാമും മറ്റൊരാളും തമ്മിൽ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശത്തിലാണ് ഈ പരാമർശമുളളത്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടി നിർമ്മിച്ച തടങ്കൽ പാളയങ്ങളേക്കാൾ മോശവും ഭീകരവുമായ അവസ്ഥയാണ് സംസ്ഥാനത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ളത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ വാചകങ്ങൾ.
ആസാമിലെ മുസ്ലീം ജനതയ്ക്കെതിരെ ബിജെപി സർക്കാർ ഗൂഢാലോചന നടത്തുന്നു എന്ന് മുമ്പ് എംഎൽഎ ആരോപണമുന്നയിച്ചിരുന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിയ വ്യക്തികളെ ആരോഗ്യപ്രവർത്തകർ പീഡിപ്പിക്കുകയാണെന്നും കൊറോണ വൈറസ് രോഗികളെന്ന് വരുത്തി തീർക്കാൻ ആരോഗ്യമുള്ള വ്യക്തികളിൽ വരെ കുത്തിവെപ്പ് നടത്തുന്നതായും എംഎൽഎ അമിനുൾ ഇസ്ലാം ആരോപിച്ചിരുന്നു. അതേ സമയം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ മൂന്നിലൊന്ന് ശതമാനം പേരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണന്ന് ഓദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആസാമിലെ നാഗോൺ ജില്ലയിലെ ദിംഗ് നിയോജമണ്ഡലത്തിൽ നിന്നുള്ള ആൾ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ട് എംഎൽഎയാണ് അമിനുൾ ഇസ്‍ലാം. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് എൻഡിടിവിയോട് പറഞ്ഞു. ആസാമിലെ പ്രധാനപ്പെട്ട രണ്ട് സ്റ്റേഡിയങ്ങൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ്. ഗുവാഹത്തിയിയെ സാരു സോജായ് സ്റ്റേഡിയത്തിൽ 2000 കിടക്കകളും 33 ജില്ലകളിൽ നിന്നുള്ള കൊറോണ വൈറസ് രോഗികൾക്കുള്ള ചികിത്സാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam