
ദില്ലി: നാലാംഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ രാജ്യ തലസ്ഥാനത്തെ നിരത്തുകളിലും മാർക്കറ്റുകളിലും തിരക്ക് കൂടി. അന്പതിലേറെ ദിവസങ്ങൾ വീട്ടിലിരുന്ന ദില്ലിക്കാർ ഇളവുകൾ ആഘോഷിക്കുകയാണ്. മാസ്ക് ജീവിതത്തിന്റെ ഭാഗമായെങ്കിലും സാമൂഹിക അകലം പേരിന് മാത്രമാണ്.
അവശ്യ സാധനങ്ങൾ മാത്രം വിൽക്കുന്ന കടകളാണ് ഇത് വരെ തുറന്നിരുന്നതെങ്കിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതോടെ ഒട്ടുമിക്ക കടകളും തുറന്നു. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ആളുകൾക്ക് പുറത്തിറങ്ങുകയും ചെയ്യാം. ഇതോടെയാണ് കൂട്ടത്തോടെ ആളുകൾ റോഡിലെത്തിയത്. കുറേ ദിവസങ്ങളായി ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായിരുന്നു. ഇളവുകൾ വലിയ ആശ്വാസമാണ് എന്നാണ് ജനങ്ങളുടെ പ്രതികരണം.
ബസ് ഓട്ടോറിക്ഷ സർവ്വീസുകൾ വീണ്ടും തുടങ്ങിയതോടെ നിരത്തുകളും സജീവമായി. ഓട്ടോറിക്ഷയിൽ ഒരാൾക്കും ബസുകളിൽ ഇരുപത് പേർക്കുമാണ് യാത്ര ചെയ്യാനാവുന്നത്. ഇക്കാര്യം ഉറപ്പ് വരുത്താൻ പൊലീസ് പരിശോധനയുമുണ്ട്.
മെട്രോ സർവ്വീസ് ഉൾപ്പടെ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ ഇളവുകൾ രോഗവ്യാപനം കൂടുതൽ തീവ്രമാകാൻ ഇടയാക്കുമോ എന്ന ആശങ്കയും ദില്ലിയിൽ ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam