മധ്യപ്രദേശിലെ ഉജ്ജൈനിൽ യുവാവിന് മർദനമേറ്റതിനെ തുടർന്ന് സാമുദായിക സംഘർഷം. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ അക്രമികൾ ബസിന് തീവെക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ തരന നഗരത്തിൽ സാമുദായിക സംഘർഷം. ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 22കാരന് മർദനമേറ്റതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലാരംഭിച്ച തർക്കമാണ് നിയന്ത്രണാതീതമായത്. സംഘർഷത്തിൽ ഇതുവരെ ആറ് പേർക്ക് പരിക്കേറ്റു. ബസിന് തീവെച്ച അക്രമി സംഘം വീടുകളും കടകളും തകർത്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയിൽ അക്രമം വ്യാപിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ വ്യാപിപ്പിച്ചിട്ടുണ്ട്. ഉജ്ജൈൻ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശുക്ല മൊഹല്ല എന്ന സ്ഥലത്താണ് സംഘർഷത്തിൻ്റെ തുടക്കം. വീടിന് സമീപത്ത് നിന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചതാണ് സാമുദായിക സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘടിച്ച ഒരു സംഘം ആളുകൾ വീടുകൾക്കും കടകൾക്കും നേരെ കല്ലെറിയുകയും ബസിന് തീവെക്കുകയുമായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.