മംഗളൂരുവില്‍ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് ഇളവ്; രാവിലെ ആറ് മുതല്‍ മൂന്ന് വരെ കടകളില്‍ പോകാം

By Web TeamFirst Published Mar 31, 2020, 8:51 AM IST
Highlights

മൂന്ന് ദിവസത്തെ അടച്ചിടലിന് ശേഷമാണ് ഒന്‍പത് മണിക്കൂര്‍ നേരത്തെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മംഗളൂരു: ദേശീയ ലോക്ക് ഡൗണ്‍ തുടരവേ മംഗളൂരുവില്‍ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കടകളില്‍ പോകുക തുടങ്ങിയ അവശ്യകാര്യങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തെ അടച്ചിടലിന് ശേഷമാണ് ഒന്‍പത് മണിക്കൂര്‍ നേരത്തേക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അതേസമയം കര്‍ണാടകം അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ  കാസർകോട് രണ്ട് പേർ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിർത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചതിനാൽ, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം.

ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയിൽ വച്ചാണ് മരണം സംഭവിച്ചത്. 

click me!