മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തിങ്കള്‍ മുതല്‍; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

By Web TeamFirst Published May 2, 2020, 6:42 AM IST
Highlights

ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ദില്ലി ഒറ്റപ്പെട്ടു.
 

ദില്ലി: ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയതോടെ അതിര്‍ത്തികള്‍ അടച്ച് സംസ്ഥാനനങ്ങള്‍. ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ദില്ലി ഒറ്റപ്പെട്ടു. ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.

ഹരിയാനയില്‍ നിന്നും യു.പിയില്‍ നിന്നും ദില്ലിയിലേക്കുള്ള നാല് പാതകളും അടച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് അതിര്‍ത്തികള്‍ വഴിയാണ് ദില്ലിയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ഗതാഗതം. ദില്ലിയിലേക്കോ, ദില്ലിക്ക് പുറത്തേക്കോ ആരെയും കടത്തിവിടേണ്ടെന്നാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. അതിര്‍ത്തിക്കപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് പോലും ഇളവില്ല. 

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ഫ്യു പാസ് നിര്‍ബന്ധമാക്കിയാണ് യു പി സര്‍ക്കാരിന്റെ നിയന്ത്രണം. ദില്ലിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്. ദില്ലിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്നത് ഗുഡാഗ് ഗാവ്, നോയിഡ മേഖലകളിലാണ്. ഈ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ദില്ലി നിവാസികളുമുണ്ട്. അതിര്‍ത്തികള്‍ അടച്ചതോടെ അവശ്യസേവനങ്ങളുടെ ഭാഗമായി പോലും ഇവര്‍ക്ക് യാത്ര ചെയ്യാനാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും പിന്‍വലിച്ചു.
 

click me!