രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ച് യുപി മുഖ്യമന്ത്രി

By Web TeamFirst Published Mar 25, 2020, 9:16 AM IST
Highlights

രാമജന്മഭൂമിയില്‍നിന്ന് വിഗ്രഹം താത്കാലിക സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പൂജകള്‍ക്കാണ് ആദിത്യനാഥ് എത്തിയത്...
 

അയോധ്യ: രാജ്യം പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച് 12 മണിക്കൂര്‍ തികയുംമുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രഭാത പൂജകള്‍ക്കെത്തി യുപി മുഖ്യമന്ത്രി ആദിത്യനാഥ്. രാമജന്മഭൂമിയില്‍നിന്ന് വിഗ്രഹം താത്കാലിക സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പൂജകള്‍ക്കാണ് അദ്ദേഹമെത്തിയത്. 

രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നതുവരെ വിഗ്രഹം താത്കാലിക കെട്ടിടത്തില്‍ തുടരും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ആദ്യഘട്ടമെന്നാണ് ഇതിനെ യുപി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഏപ്രില്‍ ആദ്യ ആഴ്ച ചേരുന്ന യോഗത്തില്‍ എന്ന് കെട്ടിട നിര്‍മ്മാണം തുടങ്ങണമെന്ന് തീരുമാനിക്കും. 

അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ട് നടത്താനിരുന്ന വലിയ ചടങ്ങ്, കൊവിഡ് ഭീതിയില്‍ ചുരുക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നിട്ടും ചടങ്ങിന് പോകാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. 20 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ മതപണ്ഡിതര്‍, അയോധ്യാ ജില്ലാ മജിസ്‌ട്രേറ്റ്‌പൊലീസ് മേധാവി എന്നിവര്‍ പങ്കെടുത്തു. അയോധ്യയില്‍ ഏപ്രില്‍ 2 വരെ നേരത്തേ തന്നെ തീര്‍ത്ഥാടനം നിരോധിച്ചിരുന്നു.  

കൊവിഡ് പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ്. ഏപ്രില്‍ 14 വരെ 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണ്‍ ചെയ്യുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്തെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തി. അത്യാവശ്യത്തിന് മാത്രം  അനുവാദത്തോടെ പുറത്തിറങ്ങാം എന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്. 

click me!