ലോക്ക് ഡൗൺ ലംഘിച്ച് കുമാരസ്വാമിയുടെ മകന്‍റെ വിവാഹം; സർക്കാരിനെ വിമർശിച്ച് കർണാടക ഹൈക്കോടതി

Published : May 06, 2020, 04:19 PM ISTUpdated : May 06, 2020, 04:23 PM IST
ലോക്ക് ഡൗൺ ലംഘിച്ച് കുമാരസ്വാമിയുടെ മകന്‍റെ വിവാഹം; സർക്കാരിനെ വിമർശിച്ച് കർണാടക ഹൈക്കോടതി

Synopsis

95 പേർ ചടങ്ങിൽ പങ്കെടുത്തെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 50 തിൽ താഴെ മാത്രം ആളുകളേ പങ്കെടുക്കാവൂ എന്നിരിക്കെ കുമാരസ്വാമിയുടെ മകന്‍റെ വിവാഹത്തിന് മാത്രം എങ്ങനെ ഇളവ് നൽകിയെന്ന് കോടതി ചോദിച്ചു. 

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ അമ്പതിലധികം ആളുകൾ പങ്കെടുത്തത് ചോദ്യം ചെയ്ത് ഹൈക്കോടതി. ലോക്ക് ഡൗൺ നിയന്ത്രണം നിലനിൽക്കെ ചടങ്ങിൽ 50 പേരിൽ കൂടുതൽ പങ്കെടുത്തത് തെറ്റാണെന്ന് കോടതി പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ രാമനഗര ജില്ലാ കളക്ടർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. വിവാഹച്ചടങ്ങിൽ 95 പേർ പങ്കെടുത്തെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

ലോക്ക് ഡൗണിനിടെ ഏപ്രിൽ പതിനേഴിനാണ് കുമാരസ്വാമിയുടെ മകനും നടനുമായ നിഖിലും രേവതിയും വിവാഹിതരായത്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കൃഷ്ണപ്പയുടെ ബന്ധു രേവതിയെയാണ് നിഖില്‍ കുമാരസ്വാമി വിവാഹം കഴിച്ചത്. രാമനഗരയിലെ ഫാംഹൗസിലായിരുന്നു ചടങ്ങുകൾ. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണമില്ലാതെയും ചടങ്ങ് നടത്തിയതിൽ വിമർശനം ഉയർന്നിരുന്നു. കൂടുതൽ ആളുകൾ പങ്കെടുത്തതും ചർച്ചയായി. നിയന്ത്രണങ്ങൾ പാലിച്ചാണ് വിവാഹമെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ കുമാരസ്വാമിക്ക് പിന്തുണ നൽകിയതോടെ വിവാദം അടങ്ങി. 

എന്നാൽ, രൂക്ഷവിമർശനമാണ് കർണാടക ഹൈക്കോടതി ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. 95 പേർ ചടങ്ങിൽ പങ്കെടുത്തെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 50 തിൽ താഴെ മാത്രം ആളുകളേ പങ്കെടുക്കാവൂ എന്നിരിക്കെ കുമാരസ്വാമിയുടെ മകന്‍റെ വിവാഹത്തിന് മാത്രം എങ്ങനെ ഇളവ് നൽകിയെന്ന് കോടതി ചോദിച്ചു. നിരവധി ആളുകൾ വിവാഹം മാറ്റിവെക്കുന്ന കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് ചടങ്ങ് നടത്താൻ ആരാണ് അനുമതി നൽകിയതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇളവുകൾ നൽകാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടോ എന്നതിൽ വ്യക്തത വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ കളക്ടർ നടപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പാസ് നൽകിയതിന്‍റെയും ചടങ്ങിനെത്തിയ വാഹനങ്ങളുടെയും വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കണം. പൊതുതാത്പര്യ ഹർജിയിലാണ് വാദം നടന്നത്. ഈ മാസം പന്ത്രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും.

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം