
ഗുവഹാത്തി: മാസ്ക് എവിടെ എന്ന നഴ്സിന്റെ ചോദ്യത്തിന് മീൻ വാങ്ങി നൽകി ഗ്രാമീണൻ. അസമിലെ ഉദല്‍ഗുരിയിലാണ് സംഭവം. ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഗ്രാമീണന് ഡോക്ടര്‍ മരുന്ന് കുറിച്ചു നല്‍കി. ഇതുമായി ഫാർമസിയിലെത്തിയ ഇദ്ദേഹത്തോട് കൗണ്ടറിലുണ്ടായിരുന്ന നഴ്‌സ് മാസ്ക് ധരിക്കാത്തതെന്തെന്ന് ചോദിച്ചതോടെയാണ് സംഭവത്തിന് തുടക്കം.
മാസ്‌കില്ലാതെ എന്തിനാണ് മരുന്ന് വാങ്ങാനെത്തിയതെന്ന് നഴ്സ് ഗ്രാമീണനോട് ചോദിച്ചു. പിന്നാലെ മാസ്കിന്റെ ആവശ്യകതയെ പറ്റി നഴ്‌സ് അയാളെ ബോധവത്കരിച്ചു. ഉടനെ മരുന്ന് വാങ്ങാതെ അയാള്‍ അവിടെ നിന്ന് പോയി. കുറച്ച് കഴിഞ്ഞ് മടങ്ങിയെത്തിയ അയാൾ നഴ്‌സിന് മുന്നിൽ മീൻ നീട്ടുകയായിരുന്നു.
ആദ്യമൊന്നമ്പരന്ന നഴ്സ് മീന്‍ കണ്ടതോടെ ചിരിക്കാന്‍ തുടങ്ങി. മാസ്‌കിന് പകരം മാസെന്ന് കേട്ട ഗ്രാമീണന്‍ മീന്‍ വാങ്ങി വരാനാണ് അവിടെ നിന്ന് പോയതെന്ന് ഡോക്ടർ തയാബുര്‍ റഹ്മാൻ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മാസ്(maas) എന്നത് ഒരിനം മത്സ്യത്തിന്റെ ആസാമീസ് പേരാണ്. കൊറോണ വൈറസ് വരാതിരിക്കണമെങ്കില്‍ മാസ് അത്യാവശ്യമായി വാങ്ങണം എന്നാണ് ഗ്രാമീണൻ ധരിച്ചത്.
മാസില്ലാതെ വന്നാല്‍ മരുന്ന് കിട്ടിയില്ലെങ്കിലോ എന്ന് കരുതി അയാള്‍ പെട്ടെന്ന് മീനുമായി തിരിച്ചെത്തുകയായിരുന്നു.
പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ അയാള്‍ക്ക് ഒരു മാസ്‌ക് നൽകി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അയാള്‍ കൊണ്ടുവന്ന മാസിനെ വീട്ടിലേക്ക് കൊണ്ടു പോകാനും ആവശ്യപ്പെട്ടു. മരുന്നുമായി അയാള്‍ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും റഹ്‌മാന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam