ലോക്ക്ഡൗണ്‍ പ്രഖ്യാപനം വൈകിപ്പിച്ചത് ബിജെപിക്ക് മധ്യപ്രദേശില്‍ അധികാരമുറപ്പിക്കാനെന്ന് കമല്‍നാഥ്

By Web TeamFirst Published Apr 12, 2020, 5:10 PM IST
Highlights

രാജ്യത്ത് കൊറോണ വൈറസ് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതാണ്. ആ സമയത്ത് പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നത് പോലും മധ്യപ്രദേശില്‍ നിയമസഭ ചേരണമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും കമല്‍നാഥ്

ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ കേന്ദ്രഭരണം കയ്യാളുന്ന ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. രാജ്യവ്യാപകമായി കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം വൈകിപ്പിച്ചത് മധ്യപ്രദേശില്‍ ബിജെപിക്ക് അധികാരത്തിലെത്താനാണെന്നാണ് കമല്‍നാഥിന്റെ ആരോപണം.

മാര്‍ച്ച് 20നാണ് താന്‍ രാജിവെച്ചത്. എന്നാല്‍, മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ മാര്‍ച്ച് 23ന് സത്യപ്രതിജ്ഞ ചെയ്യും വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ബിജെപി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. രാജ്യത്ത് കൊറോണ വൈറസ് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതാണ്.

ആ സമയത്ത് പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നത് പോലും മധ്യപ്രദേശില്‍ നിയമസഭ ചേരണമെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും കമല്‍നാഥ് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ നിരവധി മാര്‍ഗങ്ങളാണ് അപ്പോള്‍ തന്നെ സ്വീകരിച്ചിരുന്നത്. മാര്‍ച്ച് എട്ടിന് തന്നെ സ്‌കൂളുകള്‍, മാളുകള്‍ തുടങ്ങിയവ അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു.

ആ സമയത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഈ പ്രശ്‌നത്തിന്റെ ഗൗരവം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. പക്ഷേ, കൊവിഡ് പശ്ചാത്തലത്തില്‍ സ്പീക്കര്‍ നിയമസഭാ സമ്മേളനം നീട്ടിവയ്ക്കാനുള്ള പ്രഖ്യാപനം നടത്തിയതോടെ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തതെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവിലാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കമന്‍നാഥ് സര്‍ക്കാരിന്റെ കാലിടറിയത്.
 

click me!