
പൂനെ: റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ച് ലോക്കോ പൈലറ്റ്. പൂനെയില്‍ വെള്ളിയാഴ്ച രാത്രിയാണ് ലോക്കോ പൈലറ്റിന്‍റെ കൃത്യമായ ഇടപെടല്‍ മൂലം 20 ഓളം അതിഥി തൊഴിലാളികള്‍ക്ക് ജീവന്‍ തിരികെ ലഭിച്ചത്.
ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുന്നതിനിടെ ട്രെയിനിടിച്ച് അതിഥി തൊഴിലാളികള്‍ മരണപ്പെട്ടതിന്‍റെ വേദനയുണങ്ങും മുമ്പ് മറ്റൊരു ദുരന്തമാണ് ലോക്കോ പൈലറ്റ് ഒഴിവാക്കിയത്.
സംഭവത്തെ കുറിച്ച് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ: ഉരുളിക്കും ലോണിക്കും ഇടയിലുള്ള പാതയിലൂടെ അതിഥി തൊഴിലാളികള്‍ നടക്കുകയായിരുന്നു. ഇതിനിടെ എതിര്‍ വശത്ത് നിന്ന് ചരക്ക് ട്രെയിന്‍ പാഞ്ഞു വരികയായിരുന്നു. ഏകദേശം രാത്രി ഏഴ് മണിയായിരുന്നു അപ്പോള്‍. റെയില്‍വേ ട്രാക്കിലൂടെ ചിലര്‍ നടക്കുന്നത് സോളാപുര്‍ ഡിവിഷനില്‍ നിന്നുള്ള ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
വലിയ ലഗേജുമായി നടക്കുകയായിരുന്നു അവര്‍. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പിടിക്കുകയായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് 100 മീറ്റര്‍ മാത്രം അകലെ വന്നു ട്രെയിന്‍ നിന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ട്രെയിന്‍ നിന്നതോടെ പുറത്തിറങ്ങിയ ലോക്കോ പൈലറ്റും ഗാര്‍ഡും കണ്‍ട്രോള്‍ ഓഫീസുമായി ബന്ധപ്പെട്ട് തൊഴിലാളികളെ ട്രാക്കില്‍ നിന്ന് മാറ്റി. റെയില്‍പാളത്തിലൂടെ നടക്കുന്നതിന്‍റെ അപകടവും ഇവരെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam