
പട്‌ന: ചായകുടിക്കാൻ റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റുമാർക്കെതിരെ അന്വേഷണം. ഗ്വാളിയോർ-ബറൗണി എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റുമാരാണ് ബീഹാറിലെ സിവാൻ സ്‌റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിൽ ചായ കുടിക്കാനായി ട്രെയിൻ നിർത്തിയത്. സംഭവം വാർത്തയായതോടെ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. ഗാർഡിനോടും ലോക്കോ പൈലറ്റുമാരോടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ (എൻഇആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പങ്കജ് സിങ് പറഞ്ഞു. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലർച്ചെ 5.27 ന് സിവാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റുമാരിൽ ഒരാൾ ലോക്കോമോട്ടീവിൽ നിന്നിറങ്ങി ചായക്കടയിലേക്ക് പോയത്. 5.30ന് സിവാൻ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ ലോക്കോ പൈലറ്റിന് തന്റെ സഹായി ലോക്കോമോട്ടീവ് ക്യാബിനിനുള്ളിൽ ഇല്ലെന്ന് അറിയാമായിരുന്നു. സമീപത്തെ റെയിൽവേ ക്രോസിലെ ചായക്കടക്ക് സമീപം ചായയുമായ അസി. ലോക്കോപൈലറ്റ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അസി. ലോക്കോപൈലറ്റ് ചായക്കുടിച്ച് അവസാനിക്കും വരെ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയിട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. റെയിൽവേ ക്രോസിൽ ട്രെയിൻ നിർത്തിയിട്ടതോടെ ഇരുവശത്തും വാഹനങ്ങൾ അധിക സമയം കുടുങ്ങിക്കിടന്നു. സംഭവം സ്റ്റേഷൻ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് സിവാൻ സ്റ്റേഷൻ മാസ്റ്റർ അനന്ത് കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam