
ബെംഗളൂരു: കര്‍ണാടകത്തിൽ എൻഡിഎ സഖ്യത്തിൽ മത്സരിക്കുന്ന ജെഡിഎസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളിൽ മത്സരിക്കുന്ന ജെഡിഎസിന് വേണ്ടി മാണ്ഡ്യയിൽ എച്ച് ഡി കുമാരസ്വാമി ജനവിധി തേടും. സിറ്റിങ് എംപി നടി സുമതലയെ ഒഴിവാക്കി. അതിനിടെ മഹാരാഷ്ട്രയിൽ മഹാ അഘാഡി സഖ്യത്തിൽ സീറ്റ് വിഭജനം തര്‍ക്കത്തിൽ കലാശിച്ചതോടെ പരസ്പര പോരാട്ടത്തിന്റെ സാഹചര്യം ഒരുങ്ങി.
കർണാടകയിൽ ജെഡിഎസ് മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഹാസൻ മണ്ഡലത്തിൽ ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണ വീണ്ടും ജനവിധി തേടും. ജെഡിഎസ് ചോദിച്ചു വാങ്ങിയ കോലാർ മണ്ഡലത്തിൽ എം മല്ലേഷ് ബാബുവാണ് പാര്‍ട്ടി സ്ഥാനാർത്ഥി. കോൺഗ്രസ് മൂന്ന് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ചിക്കബല്ലാപുരയിൽ മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിക്ക് സീറ്റ് നിഷേധിച്ച ഹൈക്കമാൻഡ്, യുവ നേതാവ് രക്ഷാ രാമയ്യയ്ക്ക് സീറ്റ് നൽകി.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിലെ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടിയേക്കും. ശിവസേന ഉദ്ധവ് വിഭാഗവും, എൻസിപി ശരദ് പവാർ വിഭാഗവും വിട്ടുവീഴ്ച ചെയ്യാത്ത സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് കോൺഗ്രസ് നീക്കം. ശിവസേനയുമായി തർക്കം നിലനിൽക്കുന്ന മുംബൈ സൗത്ത്, സെൻട്രൽ, സാംഗ്ളി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഭിവണ്ടിയിൽ എൻസിപി ശരദ് പവാർ വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ അവിടെയും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. കോൺഗ്രസ് തുടച്ചയായി മത്സരിക്കുന്ന സീറ്റുകളിൽ സഖ്യകക്ഷികൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് സങ്കടകരമാണെന്നും അതിനാൽ സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുകയാണെന്നും മഹാരാഷ്ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് നസീം ഖാൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam