
ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അധികാരപ്രവേശനത്തിന് വഴി തുറന്ന 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി അത്ഭുതാവഹമായ വിജയമാണ് രാജ്യത്ത് നേടിയത്. എന്‍ഡിഎ മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ ബിജെപി ആകെയുള്ള 542 ലോക്സഭ സീറ്റുകളില്‍ 303 ഇടത്ത് വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി വന്‍ ഭൂരിപക്ഷം നേടി. രണ്ടാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 52 സീറ്റുകളില്‍ ഒതുങ്ങിക്കൂടി. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തരംഗം ആഞ്ഞടിച്ച 2019ല്‍ പക്ഷേ കേരളമടക്കം രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് രണ്ടാംസ്ഥാനത്ത് പോലും എത്താനായിരുന്നില്ല.
കടുത്ത ബിജെപി തരംഗത്തിനിടയിലും നരേന്ദ്ര മോദിയെയും കൂട്ടരെയും പൂര്‍ണമായും കയ്യൊഴിഞ്ഞ സംസ്ഥാനങ്ങളുണ്ടായിരുന്നു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും ബിജെപിക്ക് ആയില്ല.
കേരളത്തിലെ 20 ലോക്സഭ സീറ്റുകളിൽ 19 ഉം നേടി അത്യുജ്ജ്വല വിജയം സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ ഒരു സീറ്റ് നേടിയ എല്‍ഡിഎഫിനും പിന്നിലായി അക്കൗണ്ട് തുറക്കാതെ ബിജെപി മൂന്നാംസ്ഥാനത്ത് ഒതുങ്ങി. 25ൽ 22 സീറ്റും നേടിയാണ് വൈഎസ്ആർ ആന്ധ്രപ്രദേശിൽ ചരിത്രവിജയം നേടിയത്. തമിഴ്നാടിലെ 39 ലോക്സഭ സീറ്റുകളിൽ 23 സീറ്റുകളും ഡിഎംകെ കൈക്കലാക്കി. രണ്ട് മണ്ഡലങ്ങളുള്ള മേഘാലയ, ഒരു മണ്ഡലം മാത്രമുള്ള മിസോറാം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ അവിടുത്തെ പ്രാദേശിക പാർട്ടികളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയമുറപ്പിച്ചത്. മേഘാലയില്‍ കോണ്‍ഗ്രസിനും ഒരു സീറ്റുണ്ടായിരുന്നു.
അതേസമയം 2019ല്‍ ഒഡിഷ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം