Latest Videos

ലോക്‌സഭ തെരഞ്ഞെടുപ്പ്; കനയ്യ കുമാറിനെ ദില്ലിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചന- റിപ്പോര്‍ട്ട്

By Web TeamFirst Published Apr 12, 2024, 9:35 AM IST
Highlights

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സിപിഐ ടിക്കറ്റില്‍ മത്സരിച്ച കനയ്യ കുമാറിനെ ഇക്കുറി കോണ്‍ഗ്രസ് കളത്തിലിറക്കിയേക്കും

ദില്ലി: ജെഎന്‍യു സ്റ്റുഡന്‍റ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റും ഇപ്പോള്‍ എന്‍എസ്‌യുഐ നേതാവുമായ കനയ്യ കുമാറിനെ കോണ്‍ഗ്രസ് ദില്ലിയിലെ ഏതെങ്കിലും സീറ്റില്‍ നിന്ന് മത്സരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ദി ഇന്ത്യന്‍ എക്‌സ്‌പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി കനയ്യ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സിപിഐ ടിക്കറ്റില്‍ മത്സരിച്ച കനയ്യ കുമാര്‍ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് എന്നാണ് സൂചന. ഇന്ത്യാ മുന്നണിക്കായി ആംആദ്‌മി പാര്‍ട്ടിക്കൊപ്പമാണ് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഏപ്രില്‍ 10ന് നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ കനയ്യയുടെ പേര് സ്ഥാനാര്‍ഥിയായി ഉയര്‍ന്നു എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ട്. കനയ്യയെ കളത്തിലിറക്കുന്നതിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ട്. എന്നാല്‍ നാളെ നടക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കുള്ള ചര്‍ച്ചയും യോഗത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദില്ലിയില്‍ വമ്പിച്ച വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യാ മുന്നണി. ദില്ലി മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. എഎപിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രകാരം നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, ചാന്ദിനി ചൗക്ക് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഈസ്റ്റ്, സൗത്ത്, വെസ്റ്റ്, ന്യൂഡല്‍ഹി സീറ്റുകളില്‍ ആംആദ്മിയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക. 

Read more: 'ജൽപായ്‌ഗുരിയെ ഇളക്കിമറിച്ച്, മമതാ ബാനര്‍ജിയെ വിറപ്പിച്ച് പ്രധാനമന്ത്രിയുടെ റാലി' എന്ന വീഡിയോ യഥാര്‍ഥമോ?

2021 സെപ്റ്റംബറിലായിരുന്നു കനയ്യ കുമാര്‍ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷമാണ് അദേഹം പാർട്ടി വിട്ടത്. സിപിഐയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു. എഐഎസ്എഫ് നേതാവായിരിക്കേ 2015ല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍റെ പ്രസിഡന്‍റായിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഐ ടിക്കറ്റിൽ ബെഗുസാരായിയിൽ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ ബിജെപി നേതാവ് ഗിരിരാജ് സിംഗിനോട് 422,217 വോട്ടുകൾക്ക് പരാജയപ്പെട്ടു. 

Read more: പോളിംഗ് ഡ്യൂട്ടി, ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിന് അപേക്ഷിക്കാം; സൗകര്യം എന്നുവരെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!