2024ല്‍ 95 ലക്ഷം, 1952ല്‍ ഒരു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുമായിരുന്ന പരമാവധി തുക എത്രയായിരുന്നു?

Published : Mar 30, 2024, 12:25 PM ISTUpdated : Mar 30, 2024, 12:32 PM IST
2024ല്‍ 95 ലക്ഷം, 1952ല്‍ ഒരു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുമായിരുന്ന പരമാവധി തുക എത്രയായിരുന്നു?

Synopsis

1998 മുതലിങ്ങോട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന തുകയില്‍ വലിയ വർധനവുണ്ടായത്

ദില്ലി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർഥിക്ക് പരമാവധി ചിലവഴിക്കാനാവുന്ന തുക 95 ലക്ഷം രൂപയാണ്. പൊതു തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭ ഇലക്ഷനുകളില്‍ 40 ലക്ഷം രൂപയുമാണ് പരമാവധി സ്ഥാനാർഥിക്ക് ചിലവഴിക്കാനാകൂ. രാജ്യത്ത് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്ന 1951-52ല്‍ എത്ര രൂപയായിരുന്നു ഒരു സ്ഥാനാർഥിക്ക് മണ്ഡലത്തില്‍ ഇലക്ഷന്‍ പ്രചാരണത്തിന് ചിലവഴിക്കാന്‍ കഴിയുമായിരുന്ന പരമാവധി തുക എന്നറിയോ? 

1951-52 കാലത്തെ ആദ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ 25000 രൂപയായിരുന്നു ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് പരമാവധി ചിലവഴിക്കാന്‍ കഴിയുമായിരുന്ന തുക. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ തുക 10000 മാത്രമായിരുന്നു. 1971ല്‍ തുക 35000 രൂപയായി ഉയർത്തി. 1980ലാണ് തുക ആദ്യമായി ഒരു ലക്ഷം രൂപ തൊട്ടത്. 1984ല്‍ ഇത് ഒന്നരലക്ഷമായി ഉയർത്തിയപ്പോള്‍ ചെറിയ ചില സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയായിരുന്നു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക. ഒന്നോ രണ്ട് മണ്ഡലങ്ങള്‍ മാത്രമുള്ള സംസ്ഥാനങ്ങളില്‍ തുക ഒരു ലക്ഷമായും കേന്ദ്രഭരണപ്രദേശങ്ങളില്‍ അമ്പതിനായിരമായും നിജപ്പെടുത്തി. 1996ല്‍ പക്ഷേ പരമാവധി തുക 4.5 ലക്ഷത്തിലെത്തി. 

Read more: 238 തവണ തോറ്റിറ്റും പിന്നോട്ടില്ല; കെ പദ്മരാജന്‍ ഇക്കുറിയും മത്സരരംഗത്ത്

1998 മുതലിങ്ങോട്ടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന തുകയില്‍ വലിയ വർധനവുണ്ടായത്. 1998ല്‍ 15 ലക്ഷവും 2004ല്‍ 25 ലക്ഷവും 2014ല്‍ 70 ലക്ഷവുമായി പരമാവധി തുക ഉയർത്തി. 2024ലെ നിലവിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് ചിലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക. സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന ഘട്ടം വരെയുള്ള ചിലവുകളാണ് കണക്കാക്കുക. പൊതു സമ്മേളനങ്ങള്‍, റാലികള്‍, നോട്ടീസുകള്‍, ചുവരെഴുത്തുകള്‍, മറ്റ് പരസ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഓരോ മുക്കൂംമൂലയും കണക്കില്‍ രേഖപ്പെടുത്തും. സ്ഥാനാർഥികളുടെ ചിലവുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ അവലോകനം ചെയ്യുന്നുണ്ട്. 

2024ലെ പൊതു തെരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശ്, ഗോവ, സിക്കിം എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭ മണ്ഡലങ്ങളിലെ ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി 95 ലക്ഷം രൂപയാണ് ഇലക്ഷന്‍ പ്രചാരണത്തിനായി വിനിയോഗിക്കാന്‍ അനുവാദമുള്ളൂ. അരുണാചലിലും ഗോവയിലും സിക്കിമിലും 75 ലക്ഷം രൂപയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദില്ലിയിലും ജമ്മു ആന്‍ഡ് കശ്‌മീരിലും 95 ലക്ഷം വീതവും മറ്റ് യുടികളില്‍ ( Union Territories) 75 ലക്ഷവുമാണ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് പരമാവധി ചിലവഴിക്കാന്‍ കഴിയുക. 

Read more: ലോക്‌സഭ തെരഞ്ഞെടുപ്പ്: ഒരു സ്ഥാനാര്‍ഥിക്ക് എത്ര രൂപ പരമാവധി ചിലവഴിക്കാം? എത്ര തുക കൂടി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ