നരേന്ദ്ര മോദി, മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, അടല്‍ ബിഹാരി വാജ്പേയ് തുടങ്ങിയ പ്രമുഖർക്കെതിരെ തെരഞ്ഞെടുപ്പിലിറങ്ങി തോറ്റിട്ടുണ്ട് പദ്മരാജന്‍

ചെന്നൈ: രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിലായി 238 തവണ പരാജയപ്പെട്ടിട്ടും വീണ്ടും മത്സരിക്കാന്‍ കെ പദ്മരാജന്‍. 1988ല്‍ സ്വന്തം നാടായ തമിഴ്നാട്ടിലെ മേട്ടൂരില്‍ നിന്ന് ആദ്യമായി മത്സരിച്ച പദ്മരാജന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിംഗ്, അടല്‍ ബിഹാരി വാജ്പേയ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖർക്കെതിരെ തെരഞ്ഞെടുപ്പിലിറങ്ങി തോറ്റിട്ടുണ്ട്.

65 വയസുകാരനായ കെ പദ്മരാജന്‍ സൈക്കിള്‍ വർക്ക് ഷോപ്പ് ഉടമയാണ്. എന്നാല്‍ ജീവിതത്തില്‍ പദ്മരാജന്‍റെ കൗതുകം തെരഞ്ഞെടുപ്പുകളില്‍ തുടർച്ചയായി മത്സരിക്കുന്നതും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ പൊതു തെരഞ്ഞെടുപ്പ് വരെ നീളുന്നു പദ്മരാജന്‍റെ ഇലക്ഷന്‍ അങ്കങ്ങളുടെ പട്ടിക. 238 തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പദ്മരാജന് 'ഇലക്ഷന്‍ കിംഗ്' എന്ന വിശേഷണമുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയ്, മന്‍മോഹന്‍ സിംഗ്, നിലവിലെ പിഎം നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരോട് മത്സരിച്ച് ദയനീയമായി തോറ്റിട്ടുണ്ട് ഇദേഹം. എങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ വെച്ചകാല്‍ പിന്നോട്ടില്ല എന്നാണ് കെ പദ്മരാജന്‍റെ നിലപാട്. 'വിജയം രണ്ടാമത്തെ കാര്യമാണ്, ആരാണ് എതിരാളി എന്നത് ഞാന്‍ ഗൗനിക്കാറില്ല' എന്നുമാണ് പദ്മരാജന്‍റെ വാക്കുകള്‍.

Read more: പരാതിപ്രളയം! മദ്യവിതരണം, പണം, തോക്ക് കാട്ടി ഭീഷണി; സി-വിജിൽ ആപ്പ് ഹിറ്റ്

ഇക്കുറി തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയില്‍ നിന്നാണ് കെ പദ്മരാജന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. തോറ്റ് തോറ്റ് പദ്മരാജന് ഇതിനകം ഏറെ പണം നഷ്ടമായി. കെട്ടിവെക്കുന്ന പണം പദ്മരാജന് തിരിച്ചുകിട്ടാറ് പോലുമില്ല. 16 ശതമാനം വോട്ടുകള്‍ കിട്ടിയാല്‍ മാത്രമേ കെട്ടിവച്ച തുക മടക്കിക്കിട്ടൂ. പദ്മരാജന്‍റെ ഏറ്റവും മികച്ച പ്രകടനം 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ മേട്ടൂരില്‍ നിന്ന് നേടിയ 6273 വോട്ടുകളാണ്. ഒരു വോട്ട് പോലും പ്രതീക്ഷിക്കാതിരുന്നിട്ടും ആറായിരത്തിലേറെ വോട്ടുകള്‍ കിട്ടിയത് ആളുകള്‍ തന്നെ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് എന്ന് പദ്മരാജന്‍ പറയുന്നു. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന്‍റെ ലിംക ബുക്ക് ഓഫ് റെക്കോർഡ് കെ പദ്മരാജന്‍റെ പേരിലാണ്. 

Read more: ​'ഞാന്‍ വോട്ട് ചെയ്യും, നിങ്ങളും ഭാഗമാകൂ'; വോട്ടർമാരോട് അഭ്യർഥിച്ച് കുഞ്ചാക്കോ ബോബന്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം