വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ അപേക്ഷിച്ചിട്ട് എന്തായി? അപ്ഡേറ്റ് അറിയാന്‍ വഴി

By Web TeamFirst Published Mar 24, 2024, 9:00 AM IST
Highlights

വോട്ടർ പട്ടികയില്‍ പേര് ചേർക്കാനായി അപേക്ഷിച്ചതിന്‍റെ തുടർ വിവരങ്ങള്‍ ഓണ്‍ലൈനായി അറിയാം

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024നായി സംസ്ഥാനത്ത് വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ അപേക്ഷിക്കാനുള്ള തിയതി നാളെ അവസാനിക്കും. ഓണ്‍ലൈനായും ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയുമാണ് ഇതിന് സൗകര്യമുള്ളത്. വോട്ടർ പട്ടികയില്‍ പേര് ചേർക്കാനായി അപേക്ഷിച്ചതിന് ശേഷം അതിന്‍റെ സ്റ്റാറ്റഡ് അറിയാന്‍ പാടുപെടുകയൊന്നും വേണ്ട. ഓണ്‍ലൈനായി അപ്ഡേറ്റ്സ് അറിയാനുള്ള എളുപ്പ വഴിയുണ്ട്. 

വോട്ടർ പട്ടികയില്‍ പേര് ചേർക്കാനായി അപേക്ഷിച്ചതിന്‍റെ തുടർ വിവരങ്ങള്‍ ഓണ്‍ലൈനായി അറിയാം. ഇതിനായി https://voters.eci.gov.in എന്ന ഇലക്ഷന്‍ കമ്മീഷന് കീഴിലുള്ള വെബ്സൈറ്റില്‍ പ്രവേശിച്ച ശേഷം സർവീസ് സെഷന് കീഴിലുള്ള Track Application Status എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അപേക്ഷ സമർപ്പിച്ച സമയത്ത് (ഫോം 6, ഫോം 6 എ നല്‍കിയ സമയം) നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വളരെ എളുപ്പം വോട്ടർ ലിസ്റ്റില്‍ പേര് ചേർക്കാന്‍ അപേക്ഷിച്ചതിന്‍റെ സ്റ്റാറ്റസ് അറിയാന്‍ കഴിയും. ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഏറ്റവും പ്രാഥമികമായി വേണ്ട കാര്യങ്ങളിലൊന്നാണ് വോട്ടർ പട്ടികയില്‍ പേരുണ്ടാവുക എന്നത്. 

Read more: മൊബൈല്‍ നമ്പർ മതി, വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കുക വളരെ എളുപ്പം; ചെയ്യേണ്ടത്

നാഷണല്‍ വോട്ടേര്‍സ് സര്‍വീസ് പോര്‍ട്ടല്‍ (NVSP) വഴിയോ, വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് (Voter Helpline App) വഴിയോ ആണ് വോട്ടർ പട്ടികയില്‍ പേര് ചേർക്കാനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്ലിക്കേഷനിലോ പ്രവേശിച്ച ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഫോം 6 ഓണ്‍ലൈനായി തന്നെ പൂരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പേര്, ജനന തിയതി, അഡ്രസ് എന്നിങ്ങനെയുള്ള വ്യക്തിവിവരങ്ങള്‍ ഫോം 6ല്‍ തെറ്റാതെ പൂരിപ്പിക്കണം. ഈ വിവരങ്ങള്‍ ശരിയാണ് എന്ന് തെളിയിക്കുന്ന രേഖ ഏതെങ്കിലും (ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ പുറത്തിറക്കുന്ന മറ്റ് ഐഡന്‍റിഫിക്കേഷന്‍ ഡോക്യുമെന്‍റുകള്‍) ഫോമിനൊപ്പം അപ്‌ലോഡ് ചെയ്യുകയും വേണം. 

Read more: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുക വളരെ എളുപ്പം; ഇതാ വഴികള്‍

ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഇതിനായി അടുത്തുള്ള ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ അടുത്തോ (ERO), വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്‍ററില്‍ (VFC) എത്തിയോ അപേക്ഷ നല്‍കിയാല്‍ മതി. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!