മൊബൈല്‍ നമ്പർ മതി, വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കുക വളരെ എളുപ്പം; ചെയ്യേണ്ടത്

By Web TeamFirst Published Mar 24, 2024, 8:07 AM IST
Highlights

വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് ഓണ്‍ലൈനായി മൊബൈലില്‍ വീട്ടിലിരുന്ന് പരിശോധിക്കാവുന്നതേയുള്ളൂ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഏറ്റവും പ്രാഥമികമായി ഉണ്ടായിരിക്കേണ്ടത് വോട്ടർ പട്ടികയില്‍ പേരാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവർക്ക് സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോള്‍ നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം. ഇതിന് എളുപ്പവഴികളുണ്ട്. 

വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാവുന്നതേയുള്ളൂ. ഇതിനായി https://electoralsearch.eci.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏതെങ്കിലും വെബ് ബ്രൗസർ മൊബൈലിലും കമ്പ്യൂട്ടറിലും ഇതിനായി ഉപയോഗിക്കാം. മൂന്ന് രീതിയില്‍ ഈ വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ കണ്ടെത്താം. 

1. Search by Details- മതിയായ വ്യക്തിവിവരങ്ങള്‍ (പേര്, സർനെയിം, ജനനതിയതി, ജന്‍ഡർ, പ്രായം, സംസ്ഥാനം,  ജില്ല, നിയമസഭ മണ്ഡലം തുടങ്ങിയവ) നല്‍കി വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം. ഈ വ്യക്തിവിവരങ്ങള്‍ നല്‍കുകയും വെബ്സൈറ്റ് ആവശ്യപ്പെടുന്ന CAPTCHA കൃത്യമായി രേഖപ്പെടുത്തുകയും ചെയ്താല്‍ വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും. 

2. Search by EPIC- ഭാഷ തെരഞ്ഞെടുത്ത ശേഷം വോട്ടർ ഐഡി കാർഡിലെ നമ്പർ (EPIC Number) നല്‍കുക വഴിയാണ് ഇത്തരത്തില്‍ വിവരങ്ങള്‍ സെർച്ച് ചെയ്യാന്‍ കഴിയുക. വോട്ടർ ഐഡി കാർഡ് നമ്പറും, സംസ്ഥാനവും, ക്യാപ്ച്ചയും നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും. 

3. Search by Mobile- മൊബൈല്‍ നമ്പർ നല്‍കി വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുകയാണ് മറ്റൊരു വഴി. സംസ്ഥാനവും ഭാഷയും തെരഞ്ഞെടുത്ത ശേഷം വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പർ നല്‍കുക. ഇതിന് ശേഷം CAPTCHAയും ഒടിപിയും നല്‍കിയാല്‍ വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് മനസിലാക്കാം.

Read more: വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

click me!