
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ആദ്യഘട്ട ഇലക്ഷന്‍ നടക്കുന്ന 102 പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ ആകെയുള്ളത് എട്ട് ശതമാനം വനിത സ്ഥാനാര്‍ഥികള്‍ മാത്രം. ഏപ്രില്‍ 19ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലെ 1625 സ്ഥാനാര്‍ഥികളില്‍ 134 പേര്‍ മാത്രമാണ് വനിതകള്‍. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ആറ് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരൊറ്റ വനിത സ്ഥാനാര്‍ഥി പോലുമില്ല.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ 2023 സെപ്റ്റംബറില്‍ പാസായെങ്കിലും സ്ത്രീകളെ സ്ഥാനാര്‍ഥികളായി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മണിപ്പൂര്‍, നാഗാലന്‍ഡ്, ലക്ഷദ്വീപ്, ചത്തീസ്ഗഢ്, ത്രിപുര, ജമ്മു ആന്‍ഡ് കശ്‌മീര്‍ എന്നിവിടങ്ങളില്‍ ഒരൊറ്റ വനിത സ്ഥാനാര്‍ഥി പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. അരുണാചല്‍ പ്രദേശില്‍ ഒന്നും ബിഹാറില്‍ മൂന്നും മധ്യപ്രദേശില്‍ ഏഴും മഹാരാഷ്ട്രയില്‍ ഏഴും മേഘാലയില്‍ രണ്ടും പുതുച്ചേരിയില്‍ മൂന്നും രാജസ്ഥാനില്‍ പന്ത്രണ്ടും സിക്കിമില്‍ ഒന്നും ഉത്തര്‍പ്രദേശില്‍ ഏഴും ഉത്തരാഖണ്ഡില്‍ നാലും പശ്ചിമ ബംഗാളില്‍ നാലും വനിതകളാണ് സ്ഥാനാര്‍ഥികളായുള്ളത്. ആദ്യഘട്ട ലോക്സഭ തെരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തമിഴ്നാട്ടില്‍ (950 സ്ഥാനാര്‍ഥികള്‍) 76 വനിതകളേയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Read more: പതിനേഴാം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ച 10 എംപിമാർ; കേരളത്തില്‍ നിന്ന് ആരുമില്ല
അരുണാചല്‍ പ്രദേശ് (2 മണ്ഡലങ്ങള്‍), അസം (5), ബിഹാര്‍ (4), ചത്തീസ്ഗഢ് (1), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), മണിപ്പൂര്‍ (2), മേഘാലയ (2), മിസോറം (1), നാഗാലന്‍ഡ് (1), രാജസ്ഥാന്‍ (12), സിക്കിം (1), തമിഴ്നാട് (39), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാള്‍ (3), ആന്തമാൻ നിക്കോബാര്‍ ദ്വീപുകള്‍ (1), ജമ്മു ആന്‍ഡ് കശ്മീര്‍ (1), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നീ 21 ഇടങ്ങളിലെ 102 മണ്ഡലങ്ങളാണ് ഏപ്രില്‍ 19ന് ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത്.
2019ലെ പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ 9 ശതമാനം (726 പേര്‍) വനിത സ്ഥാനാര്‍ഥികള്‍ മാത്രമാണുണ്ടായിരുന്നത്. 542 ലോക്സഭ എംപിമാരില്‍ 78 പേരെ വനിത സിറ്റിംഗ് എംപിമാരായുള്ളൂ.
Read more: കേരളം അടക്കമുള്ള രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്; ആകെയുള്ളത് 1210 സ്ഥാനാര്‍ഥികള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം