ലോക്സഭാ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

By Web TeamFirst Published Mar 11, 2020, 2:14 PM IST
Highlights

കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പടെയുള്ളവരാണ് സസ്പെന്‍ഷനിലായിരുന്നത്. സ്പീക്കറോട് അനാദരവ് ഇല്ലെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു.

ദില്ലി: ദില്ലി കലാപത്തെച്ചൊല്ലിയുള്ള പാര്‍ലമെന്‍റ് ബഹളത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പടെയുള്ളവരാണ് സസ്പെന്‍ഷനിലായിരുന്നത്. സ്പീക്കറോട് അനാദരവ് ഇല്ലെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. 

ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹനാന്‍,  ഗൗരവ് ഗൊഗോയി, മാണിക്ക ടാഗോര്‍, ഗുര്‍ജീത് സിംഗ് ഓജില എന്നിവരെയാണ് മാര്‍ച്ച് അഞ്ചിന് സസ്പെന്‍ഡ് ചെയ്തത്. ലോക്സഭയില്‍ ബഹളം വച്ചെന്നും മര്യാദയില്ലാതെ പെരുമാറിയെന്നുമാരോപിച്ചായിരുന്നു നടപടി. 

ദില്ലി കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ സ്പീക്കറുടെ മേശയില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ചെന്നും വലിച്ചുകീറിയെന്നുമായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. ഇത് സഭാ നിയമങ്ങളുടെ ലംഘനമാണെന്നും ഭരണപക്ഷം ആരോപിച്ചിരുന്നു. 

സസ്പെന്‍ഷനിലായിരുന്ന എംപിമാരുടെ ലോക്സഭാ അംഗത്വം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിന്നാലെ ബിജെപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍, ഈ നടപടിയില്‍ ഭയക്കുന്നില്ലെന്നും എല്ലാവരെയും സസ്പെന്‍ഡ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. 
 

click me!