
ദില്ലി: പുതിയ ബിഎംഡബ്ല്യു കാറുകള്‍ക്കായി അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാല്‍ ടെന്‍ഡര്‍ ക്ഷണിച്ച നടപടി വിവാദത്തില്‍. ഒക്ടോബർ 16 നാണ് അഴിമതി വിരുദ്ധ അതോറിറ്റി ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചത്. 65 ലക്ഷം രൂപ വിലവരുന്ന ഏഴ് വെളുത്ത ബിഎംഡബ്ല്യു 330Li എം സ്‌പോർട്ട് (ലോംഗ് വീൽ ബേസ്) കാറുകൾക്കായിരുന്നു ടെൻഡർ. പിന്നാലെ ലോക്പാലിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എ.ഐ.സി.സി വക്താവ് ഡോ. ഷാമ മുഹമ്മദ് ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ രൂപീകരിച്ച സംഘടന കടലാസിൽ മാത്രമാണെന്നും നികുതിദായകരുടെ പണം പാഴാക്കുകയാണെന്നും ഷമ മുഹമ്മദ് ആരോപിച്ചു.
ആർഎസ്‌എസിന്റെ പിന്തുണയോടെയും കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രം ഉടലെടുത്ത 'ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ' എന്ന പ്രസ്ഥാനത്തിന്റെ അതേ രൂപമാണ്ന് ലോക്പാൽ. ആ പ്രസ്ഥാനമാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയത്, അദ്ദേഹം കടലാസിൽ മാത്രം നിലനിൽക്കുന്ന ഒരു ലോക്പാൽ കൊണ്ടുവന്നു. ലോക്പാൽ ഇപ്പോൾ നികുതിദായകരുടെ പണം ആസ്വദിക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരാൽ നിറഞ്ഞിരിക്കുന്നുവെന്നും ഷമ കുറിച്ചു. ലോക്പാൽ എന്ന സ്ഥാപനത്തെ മോദി സർക്കാർ പൊടിതട്ടിയെടുത്തു. വർഷങ്ങളായി അത് നിയമനമില്ലാതെ ഒഴിച്ചിട്ടു. പിന്നീട് അഴിമതിയിൽ വിഷമിക്കാത്തവരും ആഡംബരങ്ങളിൽ സന്തുഷ്ടരുമായ ദാസന്മാരെ നിയമിച്ചു. അവർ ഇപ്പോൾ ബിഎംഡബ്ല്യു കാറുകൾ വാങ്ങുന്നു- എന്ന് ആക്ടിവിസ്റ്റും മുൻ ഐഎസി പ്രസ്ഥാന നേതാവുമായ പ്രശാന്ത് ഭൂഷൺ എഴുതി.
അഴിമതി വിരുദ്ധ സ്ഥാപനം ആഡംബര കാറുകൾ വാങ്ങുന്നതിനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്തു. അഴിമതിക്കെതിരെ രംഗത്തെത്തിയ ഒരു പ്രസ്ഥാനത്തിൽ നിന്നാണ് ലോക്പാൽ പിറന്നത്. ഇപ്പോൾ അത് 5 കോടി രൂപയുടെ ബിഎംഡബ്ല്യു കാറുകൾ വാങ്ങാനായി ചെലവാക്കുന്നു. കാവൽ നായയിൽ നിന്ന് ലാപ്‌ഡോഗിലേക്ക് ലോക്പാൽ മാറിയെന്നും വിമർശനമുയർന്നു.
അതേസമയം, വിമർശനങ്ങൾക്ക് മറുപടിയുമായ ലോക്പാൽ രംഗത്തെത്തി. വിവാദം തികച്ചും അനാവശ്യമാണെന്നും 2013 ലെ ലോക്പാൽ, ലോകായുക്ത നിയമപ്രകാരമുള്ള സേവന വ്യവസ്ഥകൾ സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യമാണെന്നും സുപ്രീം കോടതി ജഡ്ജിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ അടുത്തിടെ വരുത്തിയ പരിഷ്കരണത്തെ തുടർന്നാണ് ലോക്പാലിലും പുതിയ വാഹനങ്ങൾ വാങ്ങുന്നതെന്നും ലോക്പാൽ വിശദീകരിച്ചു.