
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ അധ്യക്ഷതയില്‍ ഒരുക്കങ്ങൾ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും പങ്കെടുത്തു. തീയതിയില്‍ ധാരണയായതോടെ നാളെ മൂന്ന് മണിക്ക് പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇക്കുറിയും അഞ്ച് ഘട്ടങ്ങളിൽ അധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. അരുണാചല്‍ പ്രദേശ്, ആന്ധാ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമോയെന്നതില്‍ ആകാംക്ഷയുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ച് പാര്‍ട്ടികള്‍ കളം നിറയും. 370 ലധികം സീറ്റുകള്‍ നേടി ഭരണം തുടരുമെന്ന ആത്മവിശ്വാസം ബിജെപി പ്രചാരണമാക്കുമ്പോള്‍, മോദിയുടെ ഗ്യാരണ്ടിയെ നേരിടാന്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും, ആദിവാസികള്‍ക്കുമൊക്കെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യവും സജീവമായിക്കഴിഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam