തൊഴില്‍ചട്ട ഭേദഗതി ബില്ലുകളും ലോക്സഭ പാസാക്കി

By Web TeamFirst Published Sep 22, 2020, 11:29 PM IST
Highlights

300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ പിരിച്ചുവിടലിന് തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകും.
 

ദില്ലി: തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച മൂന്ന് തൊഴില്‍ചട്ട ഭേദഗതി ബില്ലുകള്‍ ലോക്സഭ പാസാക്കി. സാമൂഹ്യസുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍സുരക്ഷ-ആരോഗ്യം-തൊഴില്‍സാഹചര്യം ബില്ലുകളാണ് പാസാക്കിയത്. 44 തൊഴില്‍ നിയമങ്ങളെ നാല് ചട്ടങ്ങളാക്കി ക്രോഡീകരിക്കുകയാണ് ചെയ്തിരിക്കുന്നത്

വേതനവുമായി ബന്ധപ്പെട്ട ചട്ടം പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. മൂന്ന് ചട്ടങ്ങള്‍ക്കാണ് ഇന്ന് ലോകസഭ അംഗീകാരം നല്‍കിയത്. 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ പിരിച്ചുവിടലിന് തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകും. വിവാദമായ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ ചട്ട ഭേദഗതി ബില്ലുകളും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്.

അതേസമയം, നാളെയും ലോക്‌സഭ ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് ഇരുസഭകളും ബഹിഷ്‌കരിക്കുന്നത്.
 

click me!