
ദില്ലി: ദീപക് കുമാറിനെ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് വിളിച്ചുവരുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദീപക് കുമാറിന് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി മേധാവി സോണിയ ഗാന്ധിയുടെ ജൻപഥിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, കോൺഗ്രസ് നേതാവ് വൈഭവ് വാലിയ, ദീപക്കിന്റെ സുഹൃത്ത് വിജയ് റാവത്ത് തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 26 ന് കോട്ദ്വാറിലെ അഹമ്മദിന്റെ ബാബ സ്കൂൾ ഡ്രസ് ആൻഡ് മാച്ചിംഗ് സെന്ററിന് പുറത്ത് പ്രതിഷേധം നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകരെ നേരിട്ടതിനെത്തുടർന്ന് ദീപക് കുമാർ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുസ്ലീമായ കടയുടമ, അദ്ദേഹത്തിന്‍റെ സ്ഥാപനത്തിന്റെ പേര് മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നാൽ, കടയുടമക്ക് പിന്തുണയുമായി ദീപക് രംഗത്തെത്തി. വീഡിയോ വൈറലായതോടെ ദീപക് വാര്‍ത്തകളില്‍ പ്രത്യാക്ഷപ്പെട്ടു.
രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ചുവെന്നും കുടുംബാംഗങ്ങളുമായും സംവദിച്ചുവെന്നും കടയുടമയ്ക്കുവേണ്ടി നിലകൊള്ളുന്നതാണ് ശരിയായ കാര്യമെന്ന് ഉറപ്പുനൽകിയെന്നും ദീപക് പറഞ്ഞു. ഭയന്ന് ജീവിക്കരുതെന്ന് ഗാന്ധി തന്നോട് പറഞ്ഞു. കോട്ദ്വാര്‍ സന്ദര്‍ശിച്ച് തന്‍റെ ജിമ്മിൽ അംഗത്വം എടുക്കാനുള്ള ആഗ്രഹം രാഹുല്‍ പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ സോണിയ ഗാന്ധിയെ പരിചയപ്പെട്ടതായും ദീപക് പറഞ്ഞു.
വിവാദത്തെ തുടർന്ന് ദീപക്കിന്റെ ജിമ്മിൽ നിന്ന് ആളുകൾ ഒഴിവായിരുന്നു. 150 ൽ അധികം അംഗങ്ങളുണ്ടായിരുന്ന ജിമ്മിൽ തർക്കത്തെത്തുടർന്ന്, 12 മുതൽ 15 വരെ പേർ മാത്രമാണ് എത്തുന്നത്. പ്രശ്‌നങ്ങൾ ഭയന്ന് നിരവധി അംഗങ്ങൾ വിട്ടുനിന്നതായും ഇത് തന്റെ ബിസിനസ്സ് തകർത്തതായും ദീപക് പറഞ്ഞു. പിന്നാലെ, സുപ്രീം കോടതിയിലെ ഡസനോളം മുതിർന്ന അഭിഭാഷകർ 10,000 രൂപ വീതം നൽകി അംഗത്വം സ്വീകരിച്ചു. രാജ്യത്തുടനീളം 'മൊഹബത്ത് കി ദുകാൻ' ആരംഭിക്കുന്ന 'ഭാരത് ജോഡോ യാത്ര'യിലൂടെ രാഹുൽ ഗാന്ധി നൽകിയ സന്ദേശം ദീപക് പങ്കുവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam