ജയിലില്‍ പുഴുങ്ങിയ പച്ചക്കറി തന്നു; 16 കിലോ കുറഞ്ഞെന്ന് അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഏജന്‍റ്

By Web TeamFirst Published May 9, 2019, 3:39 PM IST
Highlights

അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍.

ദില്ലി: തിഹാര്‍ ജയിലിലെ പുഴുങ്ങിയ പച്ചക്കറി കഴിച്ച് 16 കിലോ കുറഞ്ഞെന്ന് സിബിഐ കോടതിയോട് പരാതി പറഞ്ഞ് അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ക്രിസ്റ്റ്യന്‍ മൈക്കിള്‍. അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസിലെ മുഖ്യ ഇടനിലക്കാരനാണ് ഇയാള്‍. 

പരാതി പരിഗണിച്ച കോടതി ക്രിസ്റ്റ്യന്‍ മൈക്കിളിനെ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ജയില്‍ ഡോക്ടറോട് വിശദീകരണം തേടിയെന്നുമാണ് സൂചന. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചു. 

ഹെലിക്കോപ്റ്റര്‍ ഇടപാടിലെ യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍. ഇന്ത്യന്‍ രാഷ്ട്രീയക്കാരുമായും, വ്യോമസേന ഉദ്യോഗസ്ഥരുമായി മുഖ്യ ഇടനിലക്കാരായ കാര്‍ലോ ജെറോസ, ഗൂഡോ റാള്‍ഫ് ഹാഷ് എന്നിവരെ ബന്ധിപ്പിച്ചത് ഇയാളാണ്. 

യുപിഎ സര്‍ക്കാര്‍ അഗസ്ത വെസ്റ്റ്ലാന്‍റ് കരാര്‍ ഒപ്പിടുന്നത് 2010 ഫെബ്രുവരിയിലാണ്. 12 എഡബ്യൂ101 സീരിസ് ഹെലികോപ്റ്ററുകള്‍ വാങ്ങുവനായിരുന്നു കരാര്‍, ഇതിന് വേണ്ടിവരുന്ന തുക 3727 കോടി രൂപയും. അഗസ്റ്റ വെസ്റ്റ്‍ലാന്‍റില്‍ നിന്ന് കരാര്‍ ലഭിക്കുന്നതിനായി ക്രിസ്റ്റ്യന്‍ മൈക്കിള്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് 2016ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ സമര്‍പ്പിച്ചിരുന്ന കുറ്റപത്രം. 

click me!