
തിംഫു: ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവിലെ ജിഗ്മെ ഡോര്‍ജി വാങ്‌ചുക് ദേശീയ റഫറല്‍ ആശുപത്രിയില്‍ ശനിയാഴ്‌ച്ചകളില്‍ ജോലിയ്‌ക്ക് എത്തുന്ന ഒരു സര്‍ജനുണ്ട്, പേര് ലോട്ടെ ഷെറിങ്. അദ്ദേഹം ഒരു ഡോക്ടര്‍ മാത്രമല്ല, ഭൂട്ടാനിലെ 7,50,000 ജനങ്ങളുടെ പ്രധാനമന്ത്രി കൂടിയാണ്!
"എനിക്കിതൊരു സ്‌ട്രെസ്-റിലീഫാണ്." പ്രധാനമന്ത്രിയായിട്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞ് ശനിയാഴ്‌ച്ചകളില്‍ ആശുപത്രിയിലെത്തുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ഷെറിങിന്റെ മറുപടി ഇതാണ്. "ചിലര് ഗോള്‍ഫ് കളിക്കും, ചിലര് അമ്പെയ്‌ത്ത് പരിശീലിക്കും. എനിക്കാണെങ്കില്‍ രോഗികളെ ശുശ്രൂഷിക്കാനാണ് ഇഷ്ടം. അതുകൊണ്ട് വാരാന്ത്യങ്ങള്‍ ഞാനിവിടെ ചെലവഴിക്കുന്നു." ഷെറിങ് തുടരുന്നു.
വ്യാഴാഴ്‌ച്ചകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ക്ലാസ്സെടുക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തുന്നു. ഞായറാഴ്‌ച്ചകളാവട്ടെ അദ്ദേഹത്തിന് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ളതാണ്. ആരോഗ്യരംഗത്തിന്റെ പുരോഗതി വാഗ്‌ദാനം ചെയ്‌താണ് താന്‍ അധികാരത്തിലേറിയതെന്നും അതുകൊണ്ട് തന്നെ തന്റെ മരണം വരെ ഡോക്ടറെന്ന നിലയിലുള്ള സേവനം തുടരുമെന്നും അമ്പതുകാരനായ ഷെറിങ് പറയുന്നു.
ബംഗ്ലാദേശ്, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലായി ആയിരുന്നു ഷെറിങിന്റെ പഠനം. 2013ലാണ് ലോട്ടെ ഷെറിങ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അത്തവണത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് ഗ്രാമീണമേഖലകളില്‍ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ശിശുമരണനിരക്ക് കുറയ്‌ക്കുന്നതിലും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലും പകര്‍ച്ചവ്യാധികളെ തടയുന്നതിലുമൊക്കെ വളരെയധികം പുരോഗതിയാണ് ഷെറിങിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുള്ളത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് ഇപ്പോള്‍ ഭൂട്ടാന്‍ പ്രാധാന്യം നല്‍കുന്നത്.
ലോക സന്തോഷ സൂചികപ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഭൂട്ടാന്‍. ഇവിടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഷെറിങ്. 2008ലാണ് രാജ്യത്ത് രാജഭരണം അവസാനിച്ചത്. സാമ്പത്തിക വളര്‍ച്ചയെക്കാള്‍ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും മുന്‍ഗണന നല്‍കുന്ന രാജ്യമാണിത്. രാജ്യത്തിന്റെ പുരോഗതി അവിടുത്തെ പൗരന്മാരുടെ സന്തോഷത്തിലാണെന്നാണ് വിശ്വസിച്ച് ഗ്രോസ് നാഷണല്‍ ഹാപ്പിനെസ് എന്ന ആശയം ആദ്യമായി നടപ്പാക്കിയ രാജ്യം കൂടിയാണിത്.
അന്തരീക്ഷ മലിനീകരണം തീരെ കുറവായ ഇവിടെ 60 ശതമാനവും വനമേഖലയായി നിലനിര്‍ത്തിക്കൊള്ളാമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള രാജ്യം കൂടിയാണ് ഭൂട്ടാന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam