സര്‍ക്കാര്‍ രൂപീകരണത്തില്‍ മമത നിര്‍ണായക പങ്കുവഹിക്കുമെന്ന് ചന്ദ്രബാബു നായിഡു

By Web TeamFirst Published May 9, 2019, 6:46 PM IST
Highlights

മോദിയെ താഴെയിറക്കുക, പകരം പ്രധാനമന്ത്രിയാരെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.. ഈ ധാരണയിലാണ് കോണ്‍ഗ്രസും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും കൈകോര്‍ക്കുന്നത്

 
ദില്ലി: കേന്ദ്രത്തിൽ പുതിയ ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ണായകമായ പങ്കുവഹിക്കുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യരൂപീകരണ വിഷയത്തിൽ നായിഡു മമമതയുമായി ചര്‍ച്ച നടത്തും.
 
മോദിയെ താഴെയിറക്കുക, പകരം പ്രധാനമന്ത്രിയാരെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.. ഈ ധാരണയിലാണ് കോണ്‍ഗ്രസും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും കൈകോര്‍ക്കുന്നത്. പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുക്കുന്നത്  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവാണ്.
 
വോട്ടണ്ണലിന് മുന്‍പായി ഈ  മാസം 21-ന് യോഗം ചേരാം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇതിന് ശേഷമാണ് ബംഗാളിൽ തൃണമൂലിന് വോട്ടു പിടിക്കാനായി നായിഡു ബംഗാളിലെത്തിയത്.  ബംഗാളിന്‍റെ കടുവയായ മമത രാജ്യത്തിന്‍റെ കടുവയാകുമെന്നാണ് പ്രചാരണറാലികളില്‍ ചന്ദ്രബാബു നായിഡു പറഞ്ഞത്.
 
ലോക്സഭാ തെര‍ഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന മൂന്നാമത് പാര്‍ട്ടി തൃണമൂൽ കോണ്‍ഗ്രസായിരിക്കുമെന്ന ആത്മവിശ്വാസമാണ് മമത പ്രകടിപ്പിക്കുന്നത്. മമത വിശ്വസിക്കും പോലെ തിരഞ്ഞെടുപ്പ് ഫലം വന്നാൽ ബദൽ സര്‍ക്കാര്‍ രൂപീകരണത്തിൽ മമതയുടെ നിലപാട് നിര്‍ണമായകമാകും.
 
ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് തീരും മുന്‍പ് ചന്ദ്രബാബു നായിഡു മമതയുമായി ചര്‍ച്ച നടത്തുന്നത്. അടുത്ത സര്‍ക്കാരിനെയും പ്രധാമന്ത്രിയെയും എസ്.പി-ബി.എസ്.പി സഖ്യം തീരുമാനിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മായാവതിയെ പിന്തുണയ്ക്കും എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്
click me!