
ചെന്നൈ:തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മൂന്ന് പാർട്ടിയിൽ നിന്നായി മൂന്ന് സീറ്റുകൾ നേടി ലോട്ടറി വ്യവസായി സാൻറിയാഗോ മാർട്ടിന്റെ കുടുംബാംഗങ്ങൾ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഉജ്ജ്വല വിജയമാണ് കൈവരിച്ചിരിക്കുന്നത് നേടിയിട്ടുള്ളത്. ലോട്ടറി വ്യവസായത്തിലൂടെ പ്രശസ്തനായ മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിക്കുകയും മൂവരും നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു
സാൻറിയാഗോ മാർട്ടിന്റെ ഭാര്യയായ ലീമ റോസ് മാർട്ടിൻ എ.ഐ.എ.ഡി.എം.കെ ടിക്കറ്റിലാണ് ലാൽഗുഡി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയത്. 2026ലെ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർത്ഥിയായിരുന്നു ഇവർ. കടുത്ത പോരാട്ടത്തിനൊടുവിൽ ഡി.എം.കെ സ്ഥാനാർത്ഥി ടി. പരിവള്ളലിനെ 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ലീമ നിയമസഭയിലെത്തി. മണ്ഡലത്തിന് പുറത്തുള്ള ആളാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഈ വിജയം. മധ്യ തമിഴ്‌നാട്ടിൽ നിന്നും വിജയിക്കുന്ന ആദ്യ എ.ഐ.എ.ഡി.എം.കെ വനിതാ സ്ഥാനാർത്ഥി എന്ന റെക്കോർഡും ഇവർ സ്വന്തമാക്കി.
നടൻ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ പ്രധാന മുഖമാണ് മാർട്ടിന്റെ മരുമകനായ ആദവ് അർജുന. ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് ടി.വി.കെ സ്ഥാനാർത്ഥിയായി മത്സരിച്ച ആദവ് 17302 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഡി.എം.കെയുടെ കാർത്തിക് മോഹനെയാണ് ആദവ് പരാജയപ്പെടുത്തിയത്. പാർട്ടി രൂപീകരണ വേളയിൽ തന്നെ വിജയിന്റെ വിശ്വസ്തനായിരുന്ന ആദവ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
മാർട്ടിന്റെ മൂത്ത മകനായ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരി രാഷ്ട്രീയത്തിലാണ് തന്റെ ചുവടുറപ്പിച്ചത്. 'ലക്ഷ്യ ജനനായക കക്ഷി' എന്ന സ്വന്തം പാർട്ടി രൂപീകരിച്ച ജോസ് ചാൾസ് ബി.ജെ.പി-എ.ഐ.എൻ.ആർ.സി സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. കാമരാജ് നഗർ മണ്ഡലത്തിൽ നിന്ന് 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുതുച്ചേരിയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായിരുന്നു ജോസ് ചാൾസ്.
തെരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങളുമായി ബന്ധപ്പെട്ട് സാന്തിയാഗോ മാർട്ടിന്റെ പേര് ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ രാഷ്ട്രീയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ഒരേ കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിട്ടും വിജയിച്ചു എന്നത് തമിഴ് രാഷ്ട്രീയത്തിലെ അപൂർവ്വമായ കാഴ്ചയാണ്. ഈ വിജയത്തോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മാർട്ടിൻ കുടുംബം ശക്തമായ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam