
പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഉടലെടുത്ത പാചക വാതക പ്രതിസന്ധി നേരിടാനും രാജ്യത്തെ എൽ പി ജി വിതരണം സുഗമമാക്കാനും വിപുലമായ നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ എൽ പി ജി ഉൽപാദനത്തിൽ 31 ശതമാനം വർധനവ് രേഖപ്പെടുത്തിയതായും ലഭ്യതയിൽ നിലവിൽ കുറവില്ലെന്നും വിവിധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന പരിശോധനകൾ തുടരുകയാണ്. ഉപഭോക്താക്കൾ പാനിക് ബുക്കിംഗ് ഒഴിവാക്കണമെന്നും ഏജൻസികളിൽ നേരിട്ട് പോകാതെ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ഇതിനായി പ്രത്യേക ബോധവൽക്കരണ ക്യാമ്പയിനുകൾ തുടങ്ങിയതായും കേന്ദ്രം അറിയിച്ചു.
പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്ന ആശ്വാസവാർത്തയും സർക്കാർ പങ്കുവെച്ചു. ഐ എൻ എസ് ശിവാലിക് ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക് ഉടനെത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 40000 മെട്രിക് ടണ്ണിലധികം എൽ പി ജി വഹിക്കുന്ന ശിവാലിക്, ഹോർമുസ് കടലിടുക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവ മാർച്ച് 16, 17 തീയതികളിലായി ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിനിടെ, കൊച്ചിയിൽ നങ്കൂരമിട്ടിരുന്ന ഇറാനിയൻ നാവിക കപ്പലിലെ ഉദ്യോഗസ്ഥർ മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എൽ പി ജി ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam