
കൊൽക്കത്ത: എൽപിജി ലഭ്യതക്കുറവ് രൂക്ഷമായതോടെ പശ്ചിമ ബംഗാളിൽ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പകരം നൽകിയത് പാനിപൂരി. പശ്ചിമ ബംഗാളിലെ ഭദ്രകാളി ഹൈ സ്കൂളിലാണ് ഉച്ചഭക്ഷണമായി പാനിപൂരി നൽകിയത്. ഉച്ച ഭക്ഷണം പാകം ചെയ്യാനുള്ള എൽപിജി സിലിണ്ടർ ലഭ്യമാകാതെ വന്നതോടെയാണ് സംഭവം. സ്കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റ് ആയ നന്ദിത സർക്കാർ ആണ് ഉച്ച സമയത്തെ പാനീപൂരി വിതരണത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. വിദ്യാർത്ഥികൾ പ്ലേറ്റുമായി എത്തി പാനീ പൂരി വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.
എന്നാൽ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പാനീ പൂരി എങ്ങനെ ബദലാകുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ കുട്ടികൾക്ക് സ്ട്രീറ്റ് ഫുഡ് എന്നും താൽപര്യമാണെന്നും സന്തോഷത്തോടെയാണ് വിദ്യാർതത്ഥികൾ പാനീപൂരി കഴിക്കുന്നതെന്നും മറുവാദം ഉയരുന്നത്. സമീകൃത ആഹാരത്തിന് പകരമാവില്ല ഇത്തരം ചെറുപലഹാരമൊന്നും എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. രാജ്യത്ത് എൽപിജി ലഭ്യതയേക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ദൃശ്യമെന്നും പലരും പ്രതികരിക്കുന്നത്. ഇസ്രയേൽ യുഎസ് ഇറാൻ സംഘർഷത്തോടെ രൂക്ഷമായ ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്ക് ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇന്ന് എത്തുമെന്നാണ് റിപ്പോർട്ട്.
ശിവാലിക് എന്ന കൂറ്റൻ കപ്പൽ ഇന്നും നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85% ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam