
ദില്ലി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കിടയിൽ ഇന്ത്യയിലേക്ക് പാചകവാതകവുമായി വന്ന രണ്ടാമത്തെ കപ്പൽ 'ജഗ് വസന്ത്' ഗുജറാത്ത് തീരത്തെത്തി. യുദ്ധം മൂലം ആഴ്ചകളോളം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന ഈ കപ്പൽ, പ്രത്യേക നയതന്ത്ര നീക്കങ്ങളിലൂടെയും ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെയുമാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ഗുജറാത്ത് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് എൽപിജി മറ്റ് ചെറിയ കപ്പലുകളിലേക്ക് മാറ്റുന്ന മിഡ്-സീ ട്രാൻസ്ഫർ നടപടികൾ ഇന്ന് ആരംഭിക്കും. ഏകദേശം 47,600 മെട്രിക് ടൺ എൽപിജിയാണ് ഈ കപ്പലിലുള്ളത്. രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ ചരക്ക് എത്തുന്നതോടെ സാധിക്കുമെന്നാണ് കരുതുന്നത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പൽ ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുവൈറ്റിൽ നിന്ന് ചരക്ക് കയറ്റിയത്. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ അവിടെ കുടുങ്ങുകയായിരുന്നു. ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കപ്പലിന് കടന്നുപോകാൻ അനുമതി ലഭിച്ചത്. ജഗ് വസന്തിനൊപ്പം പുറപ്പെട്ട 'പൈൻ ഗ്യാസ്' എന്ന മറ്റൊരു കപ്പൽ ഇന്ന് മംഗളൂരു തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം തുടങ്ങിയ ശേഷം പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ 22 ഇന്ത്യൻ കപ്പലുകളിൽ പ്രധാനപ്പെട്ടവയായിരുന്നു ഇവ രണ്ടും. ഈ കപ്പലുകളുടെ വരവോടെ വരും ദിവസങ്ങളിൽ വാണിജ്യ എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറയ്ക്കാൻ സർക്കാരിന് സാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam