'ഒരു കൈത്താങ്ങ്'; നിത്യവൃ‍ത്തിക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് റേഷനും ഭക്ഷണവും വിതരണം ചെയ്ത് പൊലീസുകാർ

By Web TeamFirst Published Mar 28, 2020, 8:59 AM IST
Highlights

ഭക്ഷണത്തിന് പുറമേ പ്രായമായവർക്കുള്ള മരുന്നുകൾ തങ്ങൾ എത്തിക്കുന്നുണ്ടെന്നും ആവശ്യക്കാരെ സഹായിക്കാൻ പൊലീസുകാർ അശ്രാന്തമായി പ്രവർത്തിക്കുന്നത് തുടരുമെന്നും എസിപി വ്യക്തമാക്കി.

ലഖ്നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ നിത്യവൃത്തിക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് റേഷനും ഭക്ഷണവും വിതരണം ചെയ്ത് പൊലീസ്. ലഖ്നൗവിലെ പൊലീസുകാരാണ് പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചു നൽകിയത്.

ലഖ്‌നൗവിലെ ഹസ്രത്‌ഗഞ്ചിലെ എസിപി അഭയ് മിശ്രയും സംഘവുമാണ് ഭക്ഷണം വിതരണം ചെയ്യുന്നതിന് വേണ്ടി നേത്വത്വം നൽകിയത്. പ്രാദേശിക എൻ‌ജി‌ഒയുടെ സഹായത്തോടെ ഹസ്രത്‌ഗഞ്ച് പ്രദേശത്തെ നരഹി മാർക്കറ്റിലെ  കൂലിത്തൊഴിലാളികൾക്കും റിക്ഷാ പുള്ളർമാർക്കുമാണ് പൊലീസ് ഭക്ഷണം വിതരണം ചെയ്തതെന്ന് ഇന്ത്യാ ‍ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉടൻ നടത്തുമെന്ന് എസിപി ഉറപ്പ് നൽകിയിട്ടുണ്ട്. ഭക്ഷണത്തിന് പുറമേ പ്രായമായവർക്കുള്ള മരുന്നുകൾ തങ്ങൾ എത്തിക്കുന്നുണ്ടെന്നും ആവശ്യക്കാരെ സഹായിക്കാൻ പൊലീസുകാർ അശ്രാന്തമായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!