'തമിഴന്‍റെ രക്തത്തില്‍ ഹിന്ദിയില്ല'; നിര്‍ബന്ധിത ഹിന്ദി പഠനത്തിനെതിരെ എം കെ സ്റ്റാലിന്‍

By Web TeamFirst Published Jun 2, 2019, 5:13 PM IST
Highlights

 ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിക്കെതിരെ തമിഴ്നാട്ടില്‍ നിന്നും വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

ദില്ലി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദിയും നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിക്കെതിരെ തമിഴ്നാട്ടില്‍ നിന്നും വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

തേനീച്ചകൂട്ടില്‍ കല്ലെറിയുന്നതിന് സമാനമാണ് തമിഴ്‍നാട്ടില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കുന്നതെന്നായിരുന്നു എം കെ സ്റ്റാലിന്‍റെ പ്രതികരണം. തമിഴ് ജനതയുടെ രകതത്തില്‍ ഹിന്ദിയില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍  ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ കേന്ദ്രവുമായി ഏറ്റുമുട്ടും. ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയില്‍ പറയുന്ന 'ത്രീ ലാംഗ്വേജ് ഫോര്‍മുല' തന്നെഞെട്ടിച്ചുകളഞ്ഞെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ഹിന്ദി പഠനം നിര്‍ബന്ധമാക്കിയാല്‍ പ്രക്ഷോഭം നടത്തുമെന്ന് തമിഴ്‍നാടു നേതാക്കള്‍ വ്യക്തമാക്കിയതോടെ വിശദീകരണവുമായി മുന്‍ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ രംഗത്തെത്തിയിരുന്നു.  ഹിന്ദി പഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ഹിന്ദി പഠിക്കണമെന്ന നിര്‍ദ്ദേശം മുമ്പോട്ട് വയ്ക്കുകയാണ് ചെയ്തതെന്നും എല്ലാ ഭാഷകളും പ്രോത്സാഹിപ്പിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

click me!