
ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഗവര്‍ണര്‍മാരുടെ വസതികളിലേക്ക് ഭരണം കൂട്ടിക്കെട്ടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. പുതുതായി ആരംഭിച്ച 'സ്പീക് ഫോര്‍ ഇന്ത്യ' പോഡ്‍കാസ്റ്റിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
"തമിഴ്നാട് നിയമസഭയിൽ ജനപ്രതിനിധികള്‍ പാസ്സാക്കിയ 19 ബില്ലുകള്‍ ഗവര്‍ണറെ ഉപയോഗിച്ച് ബി.ജെ.പി തടഞ്ഞു." സ്റ്റാലിൻ പറഞ്ഞു. 'സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍' എന്ന വിഷയത്തിലായിരുന്നു പോഡ്കാസ്റ്റ്. ഉദാഹരണങ്ങള്‍ നിരത്തിയാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ സ്റ്റാലിൻ വിമര്‍ശിച്ചത്.
"ഡൽഹിയിൽ കേന്ദ്രീകരിച്ചായിരിക്കില്ല സംസ്ഥാന സര്‍ക്കാരുകള്‍ക്കായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, അദ്ദേഹം ചെയ്തത് ആസൂത്രണ കമ്മിറ്റി പിരിച്ചുവിട്ടു. മുഖ്യമന്ത്രിമാര്‍ക്ക് പങ്കെടുത്ത് അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയായിരുന്നു അത്. ഇതിന് പകരം ആര്‍ക്കും ഒരുപയോഗവുമില്ലാത്ത നിതി ആയോഗ് ഉണ്ടാക്കി." സ്റ്റാലിൻ വിമര്‍ശിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പി പിളര്‍ത്തുകയാണെന്നും എം.എൽ.എമാരെ പണംകൊടുത്ത് വാങ്ങുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
ചരക്കുസേവന നികുതി നിയമം നടപ്പിലാക്കിയ രീതിയും അദ്ദേഹം വിമര്‍ശിച്ചു: "പ്രധാനമന്ത്രി പറഞ്ഞത് സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ സാമ്പത്തിക അധികാരങ്ങള്‍ നൽകുമെന്നാണ്. പക്ഷേ, ജി.എസ്.ടി കോംപൻസേഷൻ കാലാവധി പോലും നീട്ടിയിട്ടില്ല. സംസ്ഥാനങ്ങളുടെ വിഹിതവും കൃത്യമായി നൽകുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ജി.എസ്.ടി കാരണം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി ഇപ്പോള്‍ ഐ.സി.യുവിൽ ആണ്."
ദേശീയ വിദ്യാഭ്യാസ നയം, ഫെഡറലിസം എന്നിവയും എം.കെ സ്റ്റാലിൻ പരാമര്‍ശിച്ചു. ബി.ജെ.പിയുടെ ലക്ഷ്യം ഒരു പാര്‍ട്ടി, ഒരു നേതൃത്വം, ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നതാണെന്നും ഇന്ത്യയെ വിഭജിക്കുന്നതാണെന്നുമാണ് സ്റ്റാലിൻ നൽകുന്ന മുന്നറിയിപ്പ്.
സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ സ്വയം ഭരണ അധികാരം നൽകണമെന്ന് വാദിച്ച സ്റ്റാലിൻ. പ്രതിപക്ഷ പാര്‍ട്ടികളുടെ 'ഇന്ത്യ' സഖ്യം അധികാരത്തിൽ വന്നാൽ സ്വയം ഭരണം ഉറപ്പാക്കുമെന്നും പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' സഖ്യത്തിന് വോട്ടു ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് സ്റ്റാലിൻ പോഡ്കാസ്റ്റ് അവസാനിപ്പിച്ചത്.