'അമ്മയ്ക്ക് വയ്യ, വീട്ടില്‍ എരുമയെ നോക്കാനാളില്ല'; വിചിത്രമായ ലീവ് അപേക്ഷയുമായി പൊലീസുകാരന്‍

By Web TeamFirst Published Jun 26, 2020, 5:27 PM IST
Highlights

തന്റെ റിക്രൂട്ട്‌മെന്റിന് തയ്യാറെടുത്തത് ഈ എരുമയുടെ പാല്‍ കുടിച്ചാണെന്നും ഇപ്പോള്‍ അവള്‍ക്ക് താന്‍ പ്രത്യുപകാരം ചെയ്യേണ്ട സമയമായിരിക്കുന്നുവെന്നും അപേക്ഷയില്‍ ഉദ്യോഗസ്ഥന്‍ കുറിക്കുന്നു.

ഭോപ്പാൽ: കൊവിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രയത്നിക്കുന്നവരാണ് പൊലീസുകാർ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞതിന് ശേഷം പലര്‍ക്കും ലീവോ മതിയായ വിശ്രമമോ ലഭിച്ചിട്ടില്ല. ഈ അവസരത്തിൽ മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിലെ ഒരു പൊലീസുദ്യോഗസ്ഥന്റെ അവധിക്കുള്ള അപേക്ഷയാണ് വൈറലായിരിക്കുന്നത്. 

അവധിക്കുള്ള കാരണമാണ് ഒരേസമയം കൗതുകവും വിചിത്രതയും ഉളവാക്കുന്നത്. വീട്ടിലെ എരുമയെ നോക്കാനാളില്ലെന്ന് പറഞ്ഞാണ് ഈ പൊലീസുകാരന്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. തന്റെ റിക്രൂട്ട്‌മെന്റിന് തയ്യാറെടുത്തത് ഈ എരുമയുടെ പാല്‍ കുടിച്ചാണെന്നും ഇപ്പോള്‍ അവള്‍ക്ക് താന്‍ പ്രത്യുപകാരം ചെയ്യേണ്ട സമയമായിരിക്കുന്നുവെന്നും അപേക്ഷയില്‍ ഉദ്യോഗസ്ഥന്‍ കുറിക്കുന്നു. ഇപ്പോള്‍ പൊലീസ് ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 

''കഴിഞ്ഞ രണ്ടു മാസമായി അമ്മയ്ക്ക് നല്ല സുഖമില്ല. എനിക്ക് വീട്ടില്‍ ഒരു എരുമ കൂടിയുണ്ട്. ഈ അടുത്ത ദിവസമാണ് അവള്‍ പ്രസവിച്ചത്. അവളെ നോക്കാനോ ശ്രുശ്രൂഷിക്കാനോ വീട്ടില്‍ വേറെയാരുമില്ല.' - അതിനാല്‍ തനിക്ക് ആറുദിവസത്തെ ലീവ് അനുവദിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

അവധി അപേക്ഷയെ അതിന്‍റേതായ ഗൗരവത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്നും അവധി നല്‍കുമെന്നും മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ലീവ് ആപ്ലിക്കേഷൻ വൈറലായതോടെ നഗരത്തിലും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലും ഇപ്പോള്‍ ചര്‍ച്ചാവിഷയവും ഇദ്ദേഹം തന്നെയാണ്. 

click me!