മധ്യപ്രദേശ് പ്രതിസന്ധി: നാളെ വിശ്വാസ വോട്ടെടുപ്പെന്ന് ഗവര്‍ണ്ണര്‍, സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്

By Web TeamFirst Published Mar 15, 2020, 1:31 PM IST
Highlights

സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ടന്‍ ഉത്തരവിട്ടത്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യമായെന്ന് മുഖ്യമന്ത്രി കമല്‍നാഥിന് കൈമാറിയ ഉത്തരവില്‍  ഗവര്‍ണ്ണര്‍ ലാല്‍ ജി ടണ്ടന്‍ വ്യക്തമാക്കി. ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ടന്‍ ഉത്തരവിട്ടത്. കഴിഞ്ഞ രാത്രി 12 മണിയോടെ മുഖ്യമന്ത്രി കമല്‍നാഥിന്   ഉത്തരവ്കൈമാറി. തന്‍റെ അഭിസംബോധനക്ക് ശേഷം നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണം. ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തണം, മറ്റൊരു രീതിയും അംഗീകരിക്കില്ല. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചു. 

കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും, ഗവര്‍ണ്ണര്‍ക്കിടപെടേണ്ട  സാഹചര്യം സംസ്ഥാനത്തില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. 

ഗവര്‍ണ്ണറുടെ ഉത്തരവിന് പിന്നാലെ ജയ്പൂരിലേക്ക് മാറ്റിയ എംഎല്‍എമാരെ കോണ്‍ഗ്രസ് ഭോപ്പാലില്‍ തിരികെയെത്തിച്ചു. നാളെ മുതല്‍ ഏപ്രില്‍ 13വരെ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.  ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരും, ഹരിയാന മനേസറിലേക്ക് മാറ്റിയ ബിജെപി എംഎല്‍എമാരും  വൈകുന്നേരത്തോടെ ഭോപ്പാലിലെത്തും. 

22 എംഎല്‍എമാര്‍ രാജിവച്ചതോടെ നിയമസഭയിലെ അംഗസംഖ്യ 206 ആയി . കേവല ഭരിപക്ഷം 104 ആണെന്നിരിക്കേ 107 അംഗങ്ങളുള്ള ബിജെപിയുടെ നില ഭദ്രമാണ്. ബിഎസ്പി, സമാജ്‍വാദി പാര്‍ട്ടി അംഗങ്ങളുടെയും, സ്വതന്ത്രരുടെയും കൂടി പിന്തുണ കിട്ടിയാല്‍ തന്നെ കോണ്‍ഗ്രസിന്‍റെ അംഗബലം 99 ആകുന്നൂള്ളൂ. സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഏതാനും വിമതരേയും ബിജെപി അംഗങ്ങളെയും ഒപ്പം നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് കമല്‍നാഥെന്നാണ് സൂചന.
 

click me!