ഒരു വർഷത്തിനുള്ളിൽ 1400 കോളേജുകളില്‍ ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

By Web TeamFirst Published Feb 9, 2020, 6:21 PM IST
Highlights

രാജ്യത്ത് പ്രചരിക്കുന്ന ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ രാജ്യത്തെ യുവതലമുറ അറിഞ്ഞിരിക്കണമെന്നും ജിത്തു പട്‌വാരി വ്യക്തമാക്കി.

ഭോപ്പാൽ: ഒരു വർഷത്തിനുള്ളിൽ  1400 കോളേജുകളില്‍ ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശിലെ കോൺ​ഗ്രസ് സർക്കാർ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജിത്തു പട്‌വാരിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യ നിര്‍മ്മിതിക്ക് വേണ്ടി ഗാന്ധി നല്‍കിയ സംഭാവനകളെ കുറിച്ച് സര്‍ക്കാര്‍ യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

"ഇന്ന് രാജ്യത്ത് മര്‍മ്മഭേദകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്, അതിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാജ്യത്ത് സാഹോദര്യ സംസ്കാരം വളർത്തേണ്ടത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ഈ ദിശയിൽ പ്രവർത്തിക്കുന്ന മധ്യപ്രദേശ് സർക്കാർ ഒരു വർഷത്തിനുള്ളിൽ 1400 കോളേജുകളിൽ മഹാത്മാഗാന്ധിയുടെ പ്രതിമകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 300ഓളം കോളേജുകളില്‍ ഇതിനോടകം തന്നെ നിര്‍മ്മാണം നടന്നുകഴിഞ്ഞു"-ജിത്തു പട്‌വാരി പറഞ്ഞു.

മഹാത്മാഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് യുവതലമുറ അറിയേണ്ടതുണ്ട്.ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗവേഷണം നടത്താന്‍ സര്‍വ്വകലാശാലകളില്‍ മുന്‍കൈയ്യെടുക്കും. രാജ്യത്ത് പ്രചരിക്കുന്ന ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ രാജ്യത്തെ യുവതലമുറ അറിഞ്ഞിരിക്കണമെന്നും ജിത്തു പട്‌വാരി വ്യക്തമാക്കി.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ കാണപ്പെടുന്ന ക്രമക്കേടുകളെ തന്റെ സർക്കാർ ശക്തമായി കൈകാര്യം ചെയ്യുമെന്നും പട്‌വാരി പറഞ്ഞു.

click me!