വന്ധ്യംകരണത്തിന് ഒരു പുരുഷനെയെങ്കിലും എത്തിച്ചില്ലെങ്കില്‍ ജോലി പോകും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Feb 21, 2020, 11:51 AM IST
Highlights

കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് നടപടി. ബോധവല്‍ക്കരണത്തിന്‍റെ അഭാവമാണ് പുരുഷന്മാരെ വന്ധ്യംകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍

ഭോപ്പാല്‍: ഒരാളെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കൂ അല്ലെങ്കില്‍ ജോലി പോകുമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ആരോഗ്യവകുപ്പിലെ പുരുഷ ജീവനക്കാര്‍ക്കാണ് മുന്നറിയിപ്പ്. മാര്‍ച്ച് അവസാനത്തിനുള്ളില്‍ വന്ധ്യംകരണത്തിനായുള്ള പുരുഷന്മാരെ എത്തിച്ചില്ലെങ്കില്‍ സര്‍വ്വീസില്‍ നിന്ന് നിര്‍ബന്ധമായി പിരിഞ്ഞ് പോകേണ്ടി വരുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ മുന്നറിയിപ്പെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.

കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് നടപടിയെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് വിശദമാക്കുന്നത്. സര്‍ക്കാരിന്‍റെ ദേശീയ ഹെല്‍ത്ത് മിഷന്‍റെ ഭാഗമായാണ് കുടുംബാസൂത്രണ പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി 11നാണ് പദ്ധതി ആരംഭിച്ചത്. വന്ധ്യംകരണത്തിന് തയ്യാറാവുന്ന പുരുഷന്മാരുടെ എണ്ണം കുറയുന്നതിനാലാണ് ഇത്തരമൊരു നീക്കം.

ഒരു പുരുഷനെ പോലും വന്ധ്യംകരണത്തിനായി കണ്ടെത്താന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിച്ചുവയ്ക്കാനും തീരുമാനമുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 0.5 ശതമാനം പുരുഷന്മാരാണ് വന്ധ്യംകരണത്തിന് മധ്യപ്രദേശില്‍ തയ്യാറായിട്ടുള്ളത്. ആരോഗ്യ വകുപ്പ് ജീവനക്കാരില്‍ നിന്ന് വേണ്ടത്ര ശ്രമങ്ങള്‍ പദ്ധതിയ്ക്ക് വേണ്ടിയുണ്ടാവുന്നില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

5 മുതല്‍ 10 പുരുഷന്മാരെ വന്ധ്യംകരണത്തിന് തയ്യാറാക്കണമെന്നാണ് കുടുംബാസൂത്രണ പദ്ധതി നിര്‍ദേശിക്കുന്നത്. ബോധവല്‍ക്കരണത്തിന്‍റെ അഭാവമാണ് പുരുഷന്മാരെ വന്ധ്യംകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കുറവാണെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. 

click me!