മാസ്‌ക് ധരിക്കാത്തവർക്ക് കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ 'ജോലി'; പുതിയ ശിക്ഷയുമായി ഗ്വാളിയർ

By Web TeamFirst Published Jul 6, 2020, 9:20 PM IST
Highlights

നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുറത്തിറങ്ങുന്നവര്‍ക്ക് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനാണ് ഇത്തരമൊരു നടപടിയെന്നും കളക്ടര്‍ വ്യക്തമാക്കി. 

ഗ്വാളിയർ: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് നല്‍കാന്‍ വ്യത്യസ്തമായ ശിക്ഷയുമായി മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലാ ഭരണകൂടം. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗ്വാളിയറില്‍ ശിക്ഷയായി ആശുപത്രികളില്‍ സന്നദ്ധ സേവനം നടത്തേണ്ടി വരും. 

ആശുപത്രികളിലും ചെക്ക്‌പോസ്റ്റുകളിലും മൂന്നുദിവസം വോളന്റിയര്‍മാരായി നിയോഗിക്കാനാണ് തീരുമാനം. കൂടാതെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് നടന്നുവരുന്ന 'കില്‍ കൊറോണ' ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ നടപടി. ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി.

ഇന്ദോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുറത്തിറങ്ങുന്നവര്‍ക്ക് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് കൂടുതലെത്തിക്കാനാണ് ഇത്തരമൊരു നടപടിയെന്നും കളക്ടര്‍ വ്യക്തമാക്കി. 

click me!