പിരിമുറുക്കം അയയുന്നു: അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിൽ ചർച്ച നടത്തി

By Web TeamFirst Published Jul 6, 2020, 3:48 PM IST
Highlights

പ്രദേശത്തെ സമാധാനത്തെ ബാധിക്കുന്ന നീക്കങ്ങൾ ഇരു വിഭാഗങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ല.  സമാധാനം നിലനിർത്തുന്നതിന്‍റെ ഭാഗമായി ഇരു പ്രതിനിധികളും ഇനിയും ചർച്ചകൾ നടത്തുമെന്നാണ് അറിയിപ്പ്. 

ദില്ലി: അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിലുള്ള ചർച്ചയിൽ സമവായമുണ്ടായതായി വിദേശകാര്യ മന്ത്രാലയം. അതിർത്തിയിലെ സേന പിൻമാറ്റം വേഗത്തിലാക്കാൻ തീരുമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യഥാർത്ഥ നിയന്ത്രണരേഖയിൽ മാറ്റത്തിന് ഏകപക്ഷീയ നടപടികൾ പാടില്ലെന്നാണ് ധാരണ. 

ഭാവിയിൽ സമാധാനത്തിന് കോട്ടം വരുന്ന സംഭവങ്ങൾ ഒഴിവാക്കുമെന്നും അതിർത്തി തർക്കം തീർക്കാനുള്ള ചർച്ചകൾ തുടരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സേനകൾക്കിടിയിലെ സംഭാഷണം തുടരാനും ധാരണയായിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യിയും തമ്മിൽ ജൂലൈ അഞ്ചിന് ടെലിഫോൺ സംഭാഷണം നടന്നുവെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിൽ പറയുന്നത്. 

ഇരുവിഭാഗങ്ങളും പരസ്പരം ബഹുമാനിക്കുകയും നിലവിലെ നിയന്ത്രണ രേഖ പാലിക്കുകയും ചെയ്യുമെന്നാണ് ധാരണ. പ്രദേശത്തെ സമാധാനത്തെ ബാധിക്കുന്ന നീക്കങ്ങൾ ഇരു വിഭാഗങ്ങളുടെയും ഭാഗത്ത് നിന്നുമുണ്ടാകില്ല.  സമാധാനം നിലനിർത്തുന്നതിന്‍റെ ഭാഗമായി ഇരു പ്രതിനിധികളും ഇനിയും ചർച്ചകൾ നടത്തുമെന്നാണ് അറിയിപ്പ്. 

അതിർത്തിയിൽ ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ അതിക്രമിച്ചു കയറി നിർമ്മിച്ച ടെന്‍റുകള്‍ ചൈന പൊളിച്ചു നീക്കി തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഗൽവാൻ, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്നാണ് ചൈന പിന്മാറുന്നത്. ഗൽവാൻ താഴ്വരയിൽ ഇപ്പോഴും ചൈനീസ് പട്ടാളത്തിന്റെ സായുധ വാഹനങ്ങളുണ്ട്.

എന്നാൽ ഗൽവാനിൽ നിർമ്മിച്ച ടെന്റുകൾ ചൈന പൊളിച്ചുനീക്കി. ഇവിടെ നടത്തിവന്ന മറ്റ് നിർമ്മാണങ്ങളും ഒഴിവാക്കി. കോർ കമാൻഡർമാരുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് ചൈനയുടെ പിന്മാറ്റം. എന്നാൽ സംഘം എത്ര ദൂരം പിന്മാറിയെന്ന് വ്യക്തമല്ല. സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിക്കുകയാണ്.

click me!