ബിജെപി 300-ല്‍ അധികം സീറ്റുകള്‍ നേടുമെന്ന പ്രവചനം: അധ്യാപകനെ സസ്പെന്‍റ് ചെയ്ത നടപടിക്ക് ഹൈക്കോടതി സ്റ്റേ

By Web TeamFirst Published Jun 6, 2019, 9:22 AM IST
Highlights

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 300ൽ അധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നായിരുന്നു രാജേശ്വർ ശാസ്ത്രിയുടെ പ്രവചനം.

ഭോപ്പാൽ: 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് പ്രവചിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകന്റെ സസ്പെൻഷൻ മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉജ്ജെയിനിലെ വിക്രം സര്‍വ്വകലാശാലയിലെ സംസ്കൃത ലക്ചറര്‍ ആയ രാജേശ്വര്‍ ശാസ്ത്രി മുസല്‍ഗവോന്‍കറാണ് സസ്പെൻഷനിലായിരുന്നത്. അധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സര്‍വ്വകലാശാലയുടെ ഉത്തരവിനെ മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 300ൽ അധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നായിരുന്നു രാജേശ്വർ ശാസ്ത്രിയുടെ പ്രവചനം. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അതേസമയം അദ്ദേഹത്തിന്റെ പ്രവചനം അന്വർത്ഥമാക്കികൊണ്ട് എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലേറുകയും ചെയ്തു.

ശാസ്ത്രിയുടെ പ്രവചനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. സര്‍ക്കാര്‍ ജീവനക്കാരനായ വ്യക്തി ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പക്ഷം പിടിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പരാതിയില്‍ കോൺ​ഗ്രസ് നേതാവ് പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയതാണെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും ആഭിമുഖ്യമില്ലെന്നും അന്ന് ശാസ്ത്രി പ്രതികരിച്ചിരുന്നു. ജ്യോതിശാസ്ത്രം അവസരങ്ങളുടെ ശാസ്ത്രമാണെന്നും, ഒരു വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടതു പ്രകാരമാണ് താന്‍ പ്രവചനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
 

click me!